Florida State University Student Union building after campus is closed following a shooting, in Tallahassee, Fla., Thursday, April 17, 2025. (AP Photo/Gary McCullough)
അമേരിക്കയിലെ ഫ്ലോറിഡ സര്‍വകലാശാലയിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് പരുക്കേറ്റു. ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. ടാലഹാസിയിലെ ഫ്ളോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലാണ് വെടിവയ്പ്പുണ്ടായത്. വെടിവയ്പ്പില്‍ പൊലീസ് ഉദ്യോഗസ്ഥയുടെ മകനായ 20കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വെടിവച്ചാണ് അക്രമിയെ പൊലീസ് കീഴ്പ്പെടുത്തിയത്.
Florida's team and staff console each other as they react to their scores in the semifinals the NCAA women's gymnastics championships in Fort Worth, Texas, Thursday, April 17, 2025. (AP Photo/Tony Gutierrez)
ഓറഞ്ച് ടീ ഷര്‍ട്ടും കാക്കി ഷോര്‍ട്സുമിട്ട് വന്ന വിദ്യാര്‍ഥി പെട്ടെന്ന് അക്രമാസക്തനാവുകയായിരുന്നുവെന്ന് ദൃക്സാക്ഷികളിലൊരാള്‍ പറഞ്ഞതായി എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അമ്മയുടെ ഔദ്യോഗിക തോക്ക് മകന്‍ കൈക്കലാക്കി ദുരുപയോഗം ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.
അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് സര്‍വകലാശാല അടച്ചു. വിദ്യാര്‍ഥികളെ ഷെല്‍റ്ററുകളിലേക്ക് മാറ്റി. വിദ്യാര്‍ഥികള്‍ സ്റ്റുഡന്‍റ് യൂണിയനില്‍ നില്‍ക്കുമ്പോഴാണ് വെടിവയ്പ്പുണ്ടായതെന്നും പരിഭ്രാന്തരായി ഓടിപ്പുറത്തിറങ്ങിയെന്നും എട്ടു മുതല്‍ പത്തുതവണ വെടിയൊച്ച മുഴങ്ങിയെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
എന്താണ് കണ്‍മുന്നില്‍ നടക്കുന്നതെന്ന് വിശ്വസിക്കാന്‍ പോലും കഴിഞ്ഞില്ലെന്നും വളരെ ശാന്തമായിരുന്ന സ്ഥലത്ത് പെട്ടെന്ന് വെടിവയ്പ്പുണ്ടാവുകയായിരുന്നുവെന്നും പ്രത്യേകിച്ച് പ്രകോപനങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും ദൃക്സാക്ഷികള്‍ കൂട്ടിച്ചേര്‍ത്തു. 40,000 ലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന പൊതു സര്‍വകലാശാലയാണ് ഫ്ളോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റി.വിദ്യാര്‍ഥികള്‍ സുരക്ഷിതരായി ഷെല്‍റ്ററുകളില്‍ തുടരണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തീവ്രമായ വംശീയ ചിന്തകളുള്ളയാളാണ് അക്രമിയെന്നും യൂണിവേഴ്സിറ്റിയിലെ രാഷ്ട്രീയ ചിന്തകള്‍ പങ്കുവയ്ക്കുന്ന ഗ്രൂപ്പില്‍ നിന്നും യുവാവിനെ അടുത്തയിടെ പുറത്താക്കിയിരുന്നതായി പൊളിലിക്കല്‍ റൗണ്ട് ടേബിള്‍ എന്ന ക്ലബിന്‍റെ പ്രസിഡന്‍റ് റേഡ് സെബോള്‍ഡ് പറഞ്ഞു. നാസി അനുകൂല ചിന്തകളും വംശീയ വിദ്വേഷവും പ്രചരിപ്പിക്കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാവിനെ പുറത്താക്കിയെന്നും സെബോള്‍ഡ് കൂട്ടിച്ചേര്‍ത്തു. അങ്ങേയറ്റം ദുഃഖകരമായ സംഭവമാണ് ഉണ്ടായതെന്നും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നുവെന്നും രാഷ്ട്രീയ നേതാക്കള്‍ കുറിച്ചു.
പൊതുവിടത്തെ വെടിവയ്പ്പ് കേസുകള്‍ അടുത്തയിടയായി യുഎസില്‍ വര്‍ധിച്ചുവരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. തോക്ക് കൈവശം വയ്ക്കാനുള്ള നിയമത്തില്‍ ഭേദഗതികളും കടുത്ത നിയന്ത്രണങ്ങളും വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഓട്ടോമാറ്റിക് തോക്കുകള്‍ സൈനികര്‍ക്ക് മാത്രമാക്കി പരിമിതപ്പെടുത്തണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 81 വെടിവയ്പ്പുകള്‍ അമേരിക്കയില്‍ ഉണ്ടായിട്ടുണ്ടെന്നാണ് ഗണ്‍ വയലന്‍സ് ആര്‍ക്കൈവ് എന്ന സംഘടനയുടെ റിപ്പോര്‍ട്ട്.