ഹിജാബ് ധരിക്കാത്ത സ്ത്രീകളെ നിരീക്ഷിക്കാന്‍ സാങ്കേതിത വിദ്യ അടക്കം ഉപയോഗിച്ച് ഇറാന്. സര്‍ക്കാര്‍ നിരീക്ഷണത്തിനൊപ്പം പൊതുജനങ്ങള്‍ക്കും ഹിജാബ് നിയമം ലംഘിക്കുന്ന സ്ത്രീകളുെട വിവരം നല്കാന് സാധിക്കുന്ന തരത്തിലാണ് ഇറാന്റെ നടപടികളെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
നാസര്‍ എന്ന പേരിലുള്ള മൊബാല്‍ ആപ്പ് വഴി പൊലീസിനൊപ്പം പൊതുജനത്തിനും സ്ത്രീകളുടെ നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാം. ഹിജാബ് ധരിക്കാത്ത സ്ത്രീ സഞ്ചരിക്കുന്ന വാഹനത്തിന്റെ ലൈസന്‍സ് പ്ലേറ്റ്, സ്ഥലം, സമയം എന്നിവ അപ്ലേഡ് ചെയ്യാം. ആപ്പിലെ വിവരങ്ങള്‍ ഉപയോഗിച്ച് വാഹനം തിരിച്ചറിയുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്യും.
അതേസമയം തന്നെ ആപ്പില്‍ നിന്നും വാഹന ഉടമയ്ക്ക് എസ്എംഎസ് സന്ദേശവും ലഭിക്കും. നിര്‍ബന്ധിത ഹിജാബ് നിയമം ലംഘിക്കപ്പെട്ടെന്നും ഈ മുന്നറിയിപ്പുകൾ അവഗണിച്ചാൽ വാഹനങ്ങൾ കണ്ടുകെട്ടപ്പെടും എന്ന മുന്നറിയിപ്പ് സന്ദേശമാണ് ലഭിക്കുക.
ഇറാനിയൻ പോലീസ് വെബ്സൈറ്റ് വഴി ആപ്പ് ആക്സ്സ് ചെ്യാന്‍ സാധിക്കും. 2024 സെപ്റ്റംബറിൽ ആപ്പിന്റെ പ്രവർത്തനം വിപുലീകരിച്ചതായി യുഎന്‍ റിപ്പോര്‍ട്ട് പറയുന്നു. ആംബുലൻസുകൾ, ടാക്സികൾ, പൊതുഗതാഗതം ഉപയോഗിക്കുന്ന സ്ത്രീകള്‍ എന്നിവരെ ലക്ഷ്യം വച്ചാണ് ആപ്പ് പതിവായി ഉപയോഗിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്.
ഇതുകൂടാതെ ഡ്രോണ്‍ ഉപയോഗിച്ച് തലസ്ഥാനമായ ടെഹ്റാനിലും ദക്ഷിണ ഇറാനിലും പൊതുസ്ഥലങ്ങളില്‍ നിരീക്ഷണം നടത്തുന്നുണ്ട്. വിദ്യാര്‍ഥികള്‍ ഹിജാബ് ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അമിര്‍കബിര്‍ സര്‍വകലാശയുടെ പ്രവേശന കവാടത്തില്‍ മുഖം തിരിച്ചറിയാന്‍ സാധിക്കുന്ന സോഫ്റ്റ്വെയര് 2024 മുതല്‍ സ്ഥാപിച്ചിട്ടുണ്ട്.