യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ വെടിനിര്‍ത്തല്‍ കരാറിന് തയാറെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായി മോസ്കോയില്‍ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് പുടിന്‍ നിലപാട് വ്യക്തമാക്കിയത്. താല്‍ക്കാലികമായല്ല, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സമാധാനമാണ് റഷ്യ ആഗ്രഹിക്കുന്നതെന്ന് പുടിന്‍ പറഞ്ഞു.
കരാര്‍ സംബന്ധിച്ച സംശയങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ട്രംപുമായി ഫോണില്‍ സംസാരിക്കുമെന്ന് പറഞ്ഞ പുടിന്‍, യുദ്ധത്തിന്റെ കാരണങ്ങള്‍ക്ക് പരിഹാരം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. യുക്രെയ്നെ നാറ്റോയില്‍ ഉള്‍പ്പെടുത്താതിരിക്കുക, യുക്രെയിന് മറ്റുരാജ്യങ്ങള്‍ നല്‍കുന്ന സൈനികസഹായസഹകരണം കുറയ്ക്കുക തുടങ്ങിയവയാണ് റഷ്യ മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങള്‍. അതേസമയം, യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ ഇടപെടലിന് പുടിന്‍ നന്ദി അറിയിച്ചു.