Image: facebook.com/ClevelandHeightsFire
തീപിടിച്ച സ്കൂള്‍ ബസില്‍ നിന്നും കുരുന്നുകളെ പൊള്ളലേല്‍ക്കാതെ രക്ഷിച്ച ഡ്രൈവര്‍ക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ. അമേരിക്കയിലെ ഓഹിയോയിലാണ് സംഭവം. പുലര്‍ച്ചെ കുട്ടികളുമായി മോണ്ടിസെല്ലോ സ്കൂളിലേക്ക് പോകുന്നതിനിടെയാണ് ബസിന് തീ പിടിച്ചത്. 15 കുട്ടികള്‍ സംഭവ സമയത്ത് ബസിനുള്ളിലുണ്ടായിരുന്നു. അതിസാഹസികമായി കുട്ടികളെ എല്ലാവരെയും പൊള്ളലേല്‍ക്കാതെ പുറത്തെത്തിക്കാന്‍ ഡ്രൈവര്‍ക്ക് കഴിഞ്ഞു. അടിയന്തര സര്‍വീസില്‍ വിവരമറിയിച്ചതിന് പിന്നാലെ അഗ്നിരക്ഷാ സേനാംഗങ്ങളും പൊലീസും സ്ഥലത്തെത്തി. കുട്ടികളെ മറ്റൊരു വാഹനത്തില്‍ സുരക്ഷിതമായി സ്കൂളിലെത്തിച്ചു.
ക്ലീവ്ലാന്‍ഡ് ഹൈറ്റ്സ് ഫയര്‍ ഡിപാര്‍ട്മെന്‍റാണ് തീപിടിത്തത്തിന്‍റെ ചിത്രങ്ങളും വിവരങ്ങളും സമൂഹമാധ്യമത്തിലൂടെ പങ്കിട്ടത്. കുട്ടികള്‍ ഡ്രൈവറുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചുവെന്നും എല്ലാവരും സുരക്ഷിതരാണെന്നും സന്തോഷമുണ്ടെന്നും സിറ്റി സ്കൂള്‍ സൂപ്രണ്ട് ലിസ് കിര്‍ബി എന്‍ബിസി ന്യൂസിനോട് വ്യക്തമാക്കി.
ബസിന്‍റെ പിന്‍ചക്രങ്ങളിലൊന്നിനാണ് ആദ്യം തീ പിടിച്ചത്. പിന്നാലെ പൊട്ടിത്തെറിക്കുകയും പുക ഉയരുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഡ്രൈവറുടെ ധീരവും സമയോചിതവുമായ പ്രവര്‍ത്തിയാണ് വന്‍ ദുരന്തം ഒഴിവാക്കിയതെന്ന് പൊലീസും പ്രശംസിച്ചു.