Image Credit: X/@MalaliBashir
ക്രൂരമെന്ന് ഒറ്റവാക്കില്‍ പറഞ്ഞാല്‍ കുറഞ്ഞുപോകും.. ലോകം എത്രത്തോളം മുന്നേറിയെന്ന് പറഞ്ഞാലും ചില പ്രാകൃത രീതികള്‍ ഇന്നും ലോകത്തിന്‍റെ ഓരോ കോണിലുമുണ്ടാകും. അത്തരത്തിലൊന്നാണ് അഫ്ഗാനിസ്ഥാനിലെ ബച്ചാ ബസി. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ സ്ത്രീവേഷം കെട്ടിച്ച് നൃത്തം ചെയ്യിക്കുക, ലൈംഗിക അടിമകളാക്കി ബലാല്‍സംഗം ചെയ്യുക... അഫ്ഗാനിസ്ഥാനിലെ കൊടിയ പീഡനങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോയിലൂടെയാണ്.
ബച്ചാ ബാസി അഥവാ കുട്ടികളുടെ കളി എന്ന് വിളിക്കുന്ന ദുരാചാരം ഇന്നും അഫ്ഗാനിലെ ഗ്രാമങ്ങളില്‍ തുടരുന്നുണ്ട്. ദരിദ്ര കുടുംബങ്ങളില്‍ നിന്നും വില്‍ക്കപ്പെടുന്ന കുട്ടികളാണ് ചായംതേച്ചും സാരിയണിഞ്ഞും നൃത്തം ചെയ്യപ്പെടുന്നത്. ഇവരെ ലൈംഗിക അടിമകളാക്കുന്നതാകട്ടെ പ്രദേശത്തെ പണക്കാരടങ്ങുന്ന ബലവാന്മാരും. പൊതുവെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെയാണ് ഇത്തരക്കാര്‍ ലക്ഷ്യംവെയ്ക്കുന്നത്. ദാരിദ്രം കാരണം കുട്ടികളെ വില്‍ക്കുന്നതോ ഭക്ഷണത്തിന് വേണ്ടെ ഏറ്റെടുക്കുന്നതോ ആയ കുട്ടികളാണ് ഇത്തരം ദുരാചാരത്തിന് ഇരയാകുന്നത്.
13-ാം നൂറ്റാണ്ട് മുതല്‍ നിലനിന്നിരുന്ന ഈ പ്രവൃത്തി വിവിധ ഭരണക്രമങ്ങള്‍ക്കിടയിലും അഫ്ഗാനില്‍ തുടരുന്നു എന്നതാണ് സങ്കടകരം. 1990 ല്‍ താലിബാന്‍ അധികാരമേറ്റ സമയത്ത് ബച്ചാ ബസി നിരോധിച്ചിരുന്നു. എന്നാല്‍ 2001 ല്‍ യുഎസ് അധിനിവേശ കാലത്താണ് ഇത് തിരിച്ചെത്തുന്നത്. 2021 ല്‍ അമേരിക്ക് പിന്‍വാങ്ങിയതോടെ പ്രാദേശികമായി പഷ്തൂൺ ആദിവാസി മേഖലകളിലാണ് ഈ രീതി പിന്തുടരുന്നത്. 2018 ല്‍ ബച്ചാ ബാസിക്കെതിരെ അഫ്ഗാനില്‍ നിയമനിര്‍മാണം കൊണ്ടുവന്നിരുന്നു എങ്കിലും പുതിയ താലിബാന്‍ ഭരണത്തിലും ഈ പ്രവൃത്തി തുടരുന്നുണ്ട്.
ബച്ചാ ബസി തങ്ങളുടെ സാംസ്കാരത്തിന്‍റെ ഭാഗമാണെന്ന് പല അഫ്ഗാനികളും കരുതുന്നതാണ് ഇന്നും തുടരാനുള്ള കാരണങ്ങളിലൊന്ന്. പ്രത്യേകിച്ച് യാഥാസ്ഥിതിക മതവിഭാഗങ്ങളിലാണ് ഇത്തരം രീതികള്‍ പിന്തുടരുന്നത്. 2009-ലെ ഹ്യൂമൻ ടെറൈൻ ടീം പഠനമനുസരിച്ച്, പഷ്തൂണുകളുടെ സാമൂഹിക മാനദണ്ഡങ്ങൾ വച്ച് ബച്ചാ ബാസിയെ അനിസ്‍ലാമികമോ സ്വവർഗരതിയോ ആയി കാണുന്നില്ലെന്നാണ്. സ്വവര്‍ഗലൈംഗികതയ്ക്ക് വധശിക്ഷ ലഭിക്കുന്ന അഫ്ഗാനിസ്ഥാനിലാണ് ഇന്നും ഈ പ്രവൃത്തി നടക്കുന്നതെന്നാതാണ് ആശ്ചര്യം
ചൂഷണത്തിന് ഇരയാകുന്നവരില്‍ ഭൂരിഭാഗത്തിനും ഇതിനെ ബോധവാന്മാരല്ലെന്നാതാണ് ദാരുണമായ മറ്റൊരു കാര്യം. 2007 ല്‍ റോയിട്ടേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ ഇരയായ 17 കാരന്‍ പറയുന്നത് ഇങ്ങനെ, ' എന്‍റെ യജമാനനെ ഞാന്‍ ഇഷ്ടപ്പെടുന്നു. സ്ത്രീയായി യജമാനനോടൊപ്പം ഡാന്‍സ് കളിക്കാന്‍ എനിക്ക് ഇഷ്ടമാണ്. വലുതാകുമ്പോള്‍ ഞാന്‍ യജമാനനാകും എനിക്ക് എന്‍റേതായ കുട്ടികളുണ്ടാകും'. ഇരകള്‍ ബോധവാന്മാരല്ലെങ്കിലും വളരെ ഗുരുതരമായ പ്രത്യാഘാതങ്ങൾ പലരും നേരിടുന്നുണ്ടെന്നാണ് വിവരം. മാനസിക ആഘാതത്തിനൊപ്പം ആന്തരിക രക്തസ്രാവം, കൈകാലുകൾ ഒടിവ്, മരണം വരെ ലൈംഗിക അടിമകളാക്കിയവര്‍ നേരിടുന്നുണ്ട്.
അഫ്ഗാൻ സുരക്ഷാ സേന, പ്രത്യേകിച്ച് അഫ്ഗാൻ ലോക്കൽ പോലീസ്, രാജ്യത്തെ എല്ലാ പ്രവിശ്യകളിലും ബച്ചാ ബാസിക്കായി പ്രത്യേകമായി ആൺകുട്ടികളെ റിക്രൂട്ട് ചെയ്തതായി ഇയു ഏജന്‍സി ഫോര്‍ അസൈലം 2024 ല്‍ വ്യക്തമാക്കിയതായി ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതിനൊപ്പം ബച്ചാ ബാസിക്ക് ഇരയായ ആണ്‍കുട്ടികളെ അഫ്ഗാനിലെ ആഭ്യന്തര യുദ്ധകാലത്ത് താലിബാന്‍ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.
സൈനിക താവളങ്ങളിൽ നുഴഞ്ഞുകയറാനും അമേരിക്കക്കാർക്കൊപ്പം പ്രവർത്തിക്കുന്ന അഫ്ഗാൻ സൈന്യത്തെ ആക്രമിക്കാനും കുട്ടികളെ താലിബാൻ ഉപയോഗിച്ചിരുന്നു. 2016ൽ ഇത്തരം ഹണിട്രാപ്പ് ഓപ്പറേഷനിലൂടെ നിരവധി സൈനികരെയും പോലീസുകാരെയും താലിബാന്‍ വധിച്ചിരുന്നു.