Image Credit: X/@fl360aero
അതീവ സുരക്ഷയുള്ള വിമാനത്താവളത്തില്‍ ആര്‍ക്കെങ്കിലും കടന്നുകയറാന്‍ സാധിക്കുമോ? കടന്നാല്‍ പോലും ബോര്‍ഡിങ് പാസും സുരക്ഷാ പരിശോധനയും മറികടന്ന് വിമാനത്തിനുള്ളിലേക്ക് എത്തുമോ? പറ്റുമെന്ന് തെളിയിച്ചിരിക്കുകയാണ് പൂച്ച സെര്‍. വിമാനത്തിനുള്ളില്‍ കയറി പൂച്ച 'തനിസ്വഭാവം' പുറത്തെടുത്തപ്പോള്‍ യാത്ര വൈകിയത് രണ്ട് ദിവസമാണ്.
റോമില്‍ നിന്നും ജര്‍മനിയിലേക്കുള്ള റയാൻ എയറിന്‍റെ ബോയിങ് 737 വിമാനത്തിലാണ് പൂച്ചയെ കണ്ടെത്തിയത്. ടേക്ക് ഓഫിന് മുന്‍പാണ് യാത്രക്കാര്‍ വിമാനത്തിനുള്ളില്‍ നിന്നും അസാധാരണ മ്യാവൂ ശബ്ദം കേട്ടത്. ശബ്ദത്തിന്‍റെ ഉറവിടം കണ്ടെത്താന്‍ എന്‍ജിനീയറിങ് വിഭാഗം ജീവനക്കാര്‍ പനാലുകള്‍ ഇളക്കി പരിശോധന നടത്തി. ഓരോ പാനലും ഇളക്കി പരിശോധിച്ചെങ്കിലും പൂച്ച ജീവനക്കാരെയും കബളിപ്പിച്ച് നീങ്ങികൊണ്ടിരുന്നു.
പിന്നീട് വിമാനത്തിന്‍റെ വയറിങ് ഭാഗത്തേക്കും പൂച്ച എത്തി. ഇതോടെ സുരക്ഷാ കാരണങ്ങളാലാണ് വിമാനം റദ്ദാക്കിയത്. ഇലക്ട്രിക്കല്‍ ബേയില്‍ ഒളിച്ച നിലയിലായിരുന്നു പൂച്ചയെ കണ്ടെത്തുന്നത്. പിന്നീട് ജീവനക്കാര്‍ക്ക് അധികം കഷ്ടപ്പെടേണ്ടി വന്നില്ല. തുറന്നു വച്ച വാതിലിലൂടെ പൂച്ച സ്വയം പുറത്തേക്കിറങ്ങി പോവുകയായിരുന്നു എന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ആദ്യമായല്ല വിമാനത്തില്‍ പൂച്ച കയറി പ്രശ്നമുണ്ടാക്കുന്നത്. 2021 ൽ, സുഡാനിൽ നിന്നും ഖത്തറിലേക്കുള്ള വിമാനത്തിലും സമാന സംഭവമുണ്ടായിരുന്നു. പറന്നുയർന്നതിന് തൊട്ടുപിന്നാലെ പൂച്ച പൈലറ്റിനെ ആക്രമിച്ചു. ഇതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കുകയായിരുന്നു.