പറന്നുയർന്ന വിമാനത്തിനുള്ളിൽ തോക്ക് പുറത്തെടുത്ത് സഹയാത്രികരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യാത്രക്കാരന്‍. ഹോണ്ടുറാസില്‍ നിന്നും വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കു ശേഷമാണ് യാത്രക്കാരിലൊരാള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സംഭവത്തിന്‍റെ വിഡിയോ പുറത്തുവന്നു. ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ വലിയ അപകടം ഒഴിവാക്കുകയായിരുന്നു. ഹോണ്ടുറാസില്‍ നിന്നും റോത്താനിലേക്ക് സഞ്ചരിച്ച വിമാനത്തിലാണ് നടുക്കുന്ന സാഹചര്യമുണ്ടായത്.
സഹയാത്രികരെ കൊല്ലുമെന്നായിരുന്നു തോക്കുയർത്തി ഇയാളുടെ ഭീഷണി. എന്നാല്‍ ഉദ്യോഗസ്ഥര്‍ വേഗം ഇയാളെ കീഴ്പ്പെടുത്തിയ ശേഷം കൈയില്‍ നിന്ന് തോക്ക് പിടിച്ചുവാങ്ങി കൈയില്‍ വിലങ്ങ് വച്ച് സീറ്റില്‍ നിന്നും മാറ്റുകയായിരുന്നു. അടിയന്തര ലാന്‍ഡിങിന് അനുമതി തേടിയ പൈലറ്റ് വിമാനം പറന്നുയർന്ന അതേ വിമാനതാവളത്തിൽ തന്നെ തിരികെ ഇറക്കുകയുമായിരുന്നു. പിന്നീട് യാത്ര തുടരാനായി ഇവരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റി.
സംഭവത്തിനു പിന്നാലെ വിമാനത്താവളത്തിലെ പരിശോധനയെ പറ്റിയും സുരക്ഷയെ പറ്റിയും ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. സുരക്ഷാ പരിശോധന എല്ലാം മറികടന്ന് സ്വന്തം കൈയിൽ തോക്കുമായി എങ്ങനെയാണ് ഇയാള്‍ വിമാനത്തിനുള്ളില്‍ പ്രവേശിച്ചതെന്നാണ് ആളുകളുടെ ചോദ്യം. ഇത് വിമാനതാവളത്തിലെ സുരക്ഷാ സംവിധാനങ്ങളെ പറ്റിയുള്ള വലിയ ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്.