AI Generated Images
മൂട്ടശല്യം അകറ്റാന്‍ കീടനാശിനി പുകച്ചതിനെ തുടര്‍ന്ന് യുവതികള്‍ക്ക് ദാരുണാന്ത്യം. ശ്രീലങ്കയിലെ മിറക്കിൾ കൊളംബോ സിറ്റി ഹോസ്റ്റലിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മൂട്ടശല്യം അകറ്റാന്‍ ഹോസ്റ്റല്‍ അധികൃതര്‍ നടത്തിയ കീടനാശിനി പ്രയോഗത്തിലാണ് രണ്ട് യുവതികള്‍ക്ക് ജീവന്‍ നഷ്ടമായത്. ജർമൻകാരിയായ നദീൻ റാഗുസേ, ഡെർബി സ്വദേശിയായ എബോണി മാക്കിന്റ്റോഷ് എന്നിവരാണ് ഹോസ്റ്റല്‍ അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് മരണപ്പെട്ടത്. ശ്രീലങ്കന്‍ പൊലീസിന്‍റെ റിപ്പോര്‍ട്ട് പ്രകാരം വ്യാഴാഴ്ച്ചയാണ് സംഭവം നടന്നത്.
മൂട്ടശല്യം രൂക്ഷമായതോടെയാണ് ഹോസ്റ്റല്‍ അധികൃതര്‍ കീടനാശിനി പുകയ്ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഈ വിഷപ്പുക ശ്വസിച്ചതോടെ എബോണിയ്ക്കും നദീനിനും കടുത്ത ഛര്‍ദ്ദിയും ശ്വാസതടസവും അനുഭവപ്പെട്ടു. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികില്‍സയ്ക്കിടെ മരണപ്പെടുകയായിരുന്നു. ഇരുവരുടെയും മരണത്തെത്തുടര്‍ന്ന് ശ്രീലങ്കന്‍ പൊലീസ് ഹോസ്റ്റല്‍ പൂട്ടിച്ചു. ഇരുവരുടെയും പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് വന്ന ശേഷം മാത്രമായിരിക്കും പ്രവർത്തനാനുമതിയുടെ കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാകുക.
24കാരിയായ എബോണിയും നിരവധി സ്വപ്നങ്ങളുമായാണ് ശ്രീലങ്കയിലെത്തിയതെന്ന് എബോണിയുടെ ബന്ധുക്കള്‍ പറയുന്നു. സൗത്ത് ഏഷ്യ മുഴുവന്‍ യാത്ര ചെയ്യണമെന്നത് എബോണിയുടെ വലിയ ആഗ്രഹമായിരുന്നെന്നും ബന്ധുക്കള്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. ഡിജിറ്റല്‍ മാര്‍ക്കറ്റിങും സോഷ്യല്‍ മീഡിയ മാനേജറുമായി ജോലി ചെയ്തുവരികയായിരുന്നു എബോണി. എബോണിയുടെ സംസ്കാരം നടത്താനും മൃതദേഹം ഏറ്റുവാങ്ങാനായി ശ്രീലങ്കയിലേക്ക് യാത്ര ചെയ്യാനുമുളള പണത്തിനായി ഗോഫണ്ട് മീ എന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ബന്ധുക്കള്‍.