Image Credit; AI
യുകെയില്‍ പുരുഷ പൊലീസുകാര്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും, അശ്ലീല സന്ദേശം അയക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. മദ്യലഹരിയില്‍ പബ്ബിൽവച്ച് സഹപ്രവർത്തകരായ പൊലീസുകാര്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിലാണ് ഹാംസ്‌പിയറിലെ പൊലീസ് കോൺസ്റ്റബിള്‍ ടിയ ജോൺസൺ വാർണയ്ക്കെതിരെ കടുത്ത നടപടി കൈക്കൊണ്ടത്.
ടിയ ജോൺസൺ വാർണയുടെ കാമുകനായ പൊലീസ് ഉദ്യോഗസ്ഥനും ആ പബ്ബിലുണ്ടായിരുന്നു. അപമര്യാദയാർന്ന പെരുമാറ്റത്തിന് ഇയാൾക്കെതിരെയും നടപടി സ്വീകരിച്ചിരുന്നു. പിന്നീട് ഇയാളെ വെറുതേവിട്ടു. ലൈംഗികാതിക്രമം തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന് ടിയ അശ്ലീല സന്ദേശവും അയച്ചുവെന്നും പരാതിയില്‍ പറയുന്നു. അടിവസ്ത്രം മാത്രം ധരിച്ചു നില്‍ക്കുന്ന തന്‍റെ തന്നെ ചിത്രമാണ് പൊലീസുകാരന് ഇവര്‍ അയച്ചത്. ടിയ ജോൺസൺ തന്‍റെ സ്വകാര്യ ഭാഗത്ത് അനുവാദമില്ലാതെ, 20 സെക്കന്റോളം സ്‌പർശിച്ചുവെന്ന് മറ്റൊരു പൊലീസുകാരന്‍ ട്രൈബ്യൂണലിന്റെ വാദത്തിൽ വെളിപ്പെടുത്തി.
ട്രൈബ്യൂണലിലെ വാദത്തിനൊടുവില്‍, ടിയ ജോൺസണെ കോളജ് ഓഫ് പൊലീസിംഗിന്റെ പിരിച്ചുവിടപ്പെട്ടവരുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഒരു പൊലീസ് ഉദ്യോഗസ്ഥ ഇത്ര മോശമായി പെരുമാറുന്നത് അംഗീകരിക്കാനാവില്ലെന്ന് ഡെപ്യൂട്ടി ചീഫ് കോൺസ്റ്റബിൾ സാം ഡെ റെയ പറഞ്ഞു. ഡ്യൂട്ടിയിൽ ആയിരുന്നാലും, അല്ലെങ്കിലും ലൈംഗികാതിക്രമം മാപ്പ് കൊടുക്കാവുന്ന കുറ്റമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.