Image Credit: facebook.com/corysnakecatcher
വീട്ടിലെ പൂന്തോട്ടത്തില്‍ പാമ്പിനെ കാണുന്നത് ഒരു പുതിയ കാര്യമല്ല, എന്നാല്‍ ഒന്നിനു പിന്നാലെ നൂറോളം പാമ്പുകളെ കണ്ടെത്തിയാലോ? അതും ഒറ്റ ദിവസം കൊണ്ട്. അത്തരത്തില്‍ സ്വന്തം വീടിന്‍റെ മുറ്റത്തുനിന്ന് നൂറിലധികം വിഷപ്പാമ്പുകളെ കണ്ടെത്തിയ അമ്പരപ്പിലാണ് സിഡ്നിയില്‍ നിന്നുള്ള ഡേവിഡ് സ്റ്റെയിൻ. ഇയാളുടെ വീട്ടിലെ പൂന്തോട്ടത്തില്‍ നിന്ന് 102 റെഡ് ബെല്ലി ബ്ലാക്ക് സ്നേക്കുകളെയാണ് പിടികൂടിയത്.
വെള്ളിയാഴ്ച പടിഞ്ഞാറൻ സിഡ്‌നി പ്രാന്തപ്രദേശമായ ഹോഴ്‌സ്‌ലി പാർക്കിലെ തന്റെ പുരയിടത്തില്‍ ആറോളം റെഡ് ബെല്ലി ബ്ലാക്ക് സ്നേക്കുകളെ ഡേവിഡ് കണ്ടിരുന്നു. തുടര്‍ന്നാണ് പാമ്പുപിടുത്തക്കാരെ വിവരം അറിയിക്കുന്നത്. പാമ്പിനെ കണ്ട ഡേവിഡ് അക്ഷരാര്‍ഥത്തില്‍ പേടിച്ചു. തുടര്‍ന്ന് ഇത്രയധികം പാമ്പുകള്‍ എങ്ങിനെയെത്തി എന്നായി അന്വേഷണം. ഇതിനെ കുറിച്ച് ഡേവിഡിന്‍റെ ഭാര്യ ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ പ്രജനനത്തിന്‍റെ സമയങ്ങളില്‍ പാമ്പുകള്‍ ഇങ്ങനെ കൂട്ടത്തോടെ ഒരുമിക്കുമെന്ന് കണ്ടെത്തി.
പാമ്പുപിടുത്തക്കാരന്‍ വീട്ടിലെത്തി അഞ്ച് പ്രായപൂര്‍ത്തിയായ പാമ്പുകളെ പിടികൂടി. അവയില്‍ നാലെണ്ണത്തിന്‍റെ വയറില്‍ വിരായനായ മുട്ടകള്‍ കണ്ടെത്തിയിരുന്നു. പിന്നീടുള്ള തിരച്ചിലില്‍ ഒന്നിനു പിറകെ ഒന്നായി പാമ്പിന്‍ കുഞ്ഞുങ്ങളെ കണ്ടെത്താന്‍ തുടങ്ങി. ഒടുവില്‍ ഡേവിഡും പാമ്പുപിടുത്തക്കാരനും അദ്ദേഹത്തിന്‍റെ മകനും ചേര്‍ന്ന് പിടിച്ചത് 40 ഓളം പാമ്പുകളെ. അവിടെയും തീര്‍ന്നില്ല എണ്ണം പിന്നെ 70ആയി, 90ആയി... അവസാനം. അഞ്ച് പെണ്‍ പാമ്പുകളേയും 97 പാമ്പിന്‍ കുഞ്ഞുങ്ങളുയുമാണ് കണ്ടെത്തിയത്. ഇതിനു മുന്‍പ്‍ ഒരു വീടിന്‍റെ ചുമരിലെ അറയില്‍ നിന്ന് 14 കുഞ്ഞു പാമ്പുകളെ താൻ പുറത്തെടുത്തിട്ടുണ്ടെന്ന് പാമ്പുപിടുത്തക്കാരനായ കെരെവാരോ പറഞ്ഞു.
പെണ്‍ റെഡ് ബെല്ലി ബ്ലാക്ക് സ്നേക്കുകള്‍ പ്രജനന സമയത്ത് ഒരു സ്ഥലം പങ്കിടുവന്നത് സാധാരണമാണ്. എന്നാല്‍ ഇത്തരത്തില്‍ കുഞ്ഞുങ്ങള്‍ ജനിച്ചതിന് ശേഷവും അവിടെ തുടരുകയും വീണ്ടും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയും ചെയ്യുന്നത് അപൂര്‍വമാണെന്ന് കെരെവാരോ പറയുന്നു. പൊതുവെ ശാന്ത സ്വഭാവമുള്ളവയാണെങ്കിലും വിഷമുള്ള പാമ്പുകളാണ് റെഡ് ബെല്ലി ബ്ലാക്ക് സ്നേക്കുകള്‍. 102 പാമ്പുകളേയും വീട്ടില്‍ നിന്ന് മാറി സുരക്ഷിതമായ സ്ഥലത്ത് തുറന്നുവിട്ടു.