അനധികൃത കുടിയേറ്റം ആരോപിച്ച് അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം ബുധനാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് രാജ്യത്തെത്തിയത്. അമൃത്‍സറിലെ ശ്രീ ഗുരു റാംദാസ് ജി രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു അമേരിക്കന്‍ സൈന്യത്തിന്‍റെ സി-17 വിമാനം പറന്നിറങ്ങിയത്. മണിക്കൂറിന് 25 ലക്ഷം രൂപ ചെലവിട്ടാണ് ഇന്ത്യക്കാരെ സ്വന്തം നാട്ടിലേക്ക് തിരിച്ചയച്ചത്.
സാധാരണയായി യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്‍റ് (ഐസിഇ) ചാര്‍ട്ട് ചെയ്യുന്ന വാണിജ്യ വിമാനങ്ങള്‍ ഉപയോഗിച്ചാണ് കുടിയേറ്റക്കാരെ തിരിച്ചയക്കുന്നത്. ഇത്തവണ സി-17, സി–130ഇ എന്നി സൈനിക വിമാനങ്ങളും യുഎസ് ദൗത്യത്തിന്‍റെ ഭാഗമാണ്. ഇന്ത്യയെ കൂടാതെ ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ്, ഇക്വഡോര്‍ എന്നിവിടങ്ങളിലേക്കും അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കാന്‍ സൈനിക വിമാനങ്ങളാണ് യുഎസ് ഉപയോഗിച്ചത്.
സൈനിക വിമാനം ഉപയോഗിക്കുന്നതിന് വിമര്‍ശനങ്ങളുണ്ടായിരുന്നു. കൊളംബിയയും മെക്സിക്കോയും പോലെയുള്ള ചില രാജ്യങ്ങൾ, നാടുകടത്തപ്പെട്ട കുടിയേറ്റക്കാരുമായി യുഎസ് സൈനിക വിമാനത്തിന് ഇറങ്ങാന്‍ അനുമതി നല്‍കിയിരുന്നില്ല. സാധാരണയായ യുദ്ധ മുഖത്തും ദുരന്ത മേഖലയിലും സേവനം ചെയ്യുന്നവയാണ് സൈനിക വിമാനങ്ങള്‍. ചാര്‍ട്ടര്‍ വിമാനങ്ങളേക്കാള്‍ പലമടങ്ങ് ചെലവ് കൂടുതല്‍. എന്നിട്ടും എന്തിനാണ് ട്രംപ് ഇന്ത്യയിലേക്ക് സൈനിക വിമാനങ്ങളയച്ചത്?
സൈനിക വിമാനത്തില്‍ ഒരാളെ 'നാടുകടത്തു'ന്നതിനുള്ള കുറഞ്ഞ ചെലവ് 4,675 ഡോളര്‍ അഥവാ 4.07 ലക്ഷം രൂപയാണെന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. യാത്രാവിമാനങ്ങളുടെ ഫസ്റ്റ്ക്ലാസ് ടിക്കറ്റിന്‍റെ അഞ്ചിരട്ടിയോളം വരുമിത്. യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്‍റ് ഉപയോഗിക്കുന്ന വിമാനങ്ങള്‍ക്ക് 55,000 രൂപയാണ് ഒരാള്‍ക്ക് വരുന്ന ചെലവ്.
ഇന്ത്യയിലേക്കുള്ള മിഷന് ഉപയോഗിച്ച സി-17 സൈനിക വിമാനം പറക്കാന്‍ മണിക്കൂറിന് 28,500 ഡോളറാണ് ആവശ്യമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതായത് ഏകദേശം 24,90,559 രൂപ. ഇന്ത്യയിലേക്കുള്ള യാത്ര സമയം 12 മണിക്കൂറിലധികമാണ്. ഇപ്രകാരം കണക്കാക്കുമ്പോള്‍ ദശലക്ഷക്കണക്കിന് ഡോളര്‍ ചെലവാക്കിയാണ് യുഎസ് ഇന്ത്യയിലേക്ക് കുടിയേറ്റക്കാരെ തിരിച്ചയച്ചത്.
അനധികൃത കുടിയേറ്റത്തെ നേരിടാന്‍ ട്രംപ് ഭരണകൂടം അതിശക്തമായ നടപടികളിലേക്ക് കടക്കുന്നതിനാലാണ് ഉയര്‍ന്ന ചെലവ് വഹിച്ചും യു.എസ് സൈനിക വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പറന്നത്. അനധികൃത കുടിയേറ്റത്തിനെതിരെ പ്രഖ്യാപിച്ച ദേശീയ അടിയന്തരവസ്ഥയെ തുടര്‍ന്ന് വേഗത്തിൽ പ്രവർത്തിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നാണ് യുഎസ് ഉദ്യോഗസ്ഥർ പറയുന്നത്.
സൈനിക വിമാനങ്ങള്‍ ഉപയോഗിക്കുന്നത് അനധികൃത കുടിയേറ്റക്കാര്‍ക്കും ലോകരാജ്യങ്ങള്‍ക്കും ശക്തമായ സന്ദേശം നല്‍കാനാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ക്രിമിനല്‍സ്, ഏലിയന്‍സ്, യുഎസിനെ ആക്രമിക്കുന്നവര്‍ എന്നിങ്ങനെയാണ് ട്രംപ് അനധികൃത കുടിയേറ്റക്കാരെ വിശേഷിപ്പിച്ചത്. അനധികൃതമായാണ് യുഎസിലേക്ക് കടന്നതെങ്കില്‍ ഗുരുതര ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നും ചരിത്രത്തിലാദ്യമായി 'നിയമവിരുദ്ധ അന്യഗ്രഹജീവി'കളെ സൈനിക വിമാനങ്ങളിൽ തിരികെ പറത്തുകയും ചെയ്യുന്നു എന്നുമാണ് ട്രംപ് പറഞ്ഞത്.