ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട പത്തൊന്‍പത് വയസ്സുകാരനെ വിവാഹം കഴിക്കണമെന്ന ആഗ്രഹവുമായി അമേരിക്കയില്‍ നിന്ന് പാകിസ്ഥാനിലെ കറാച്ചിയില്‍ വന്ന് വിമാനമിറങ്ങിയ യുവതി കുടുങ്ങി. തന്‍റെ കുടുംബം ഇങ്ങനെയൊരു പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ തയ്യാറാകില്ല എന്ന് കാമുകന്‍ പറഞ്ഞതോടെ ഒനിജ ആന്‍ട്രൂ റോബിന്‍സണ്‍ എന്ന മുപ്പത്തിമൂന്നുകാരി പെട്ടു. ദിവസങ്ങളോളം യുവതിക്ക് കറാച്ചിയില്‍ തുടരേണ്ടി വന്നു. ഇതിനിടെ ഇവരുടെ ടൂറിസ്റ്റ് വിസയുടെ കാലാവധിയും അവസാനിച്ചു.
എന്തുചെയ്യും എന്നറിയാതെ കറാച്ചിയില്‍ അലഞ്ഞുതിരിഞ്ഞ യുവതി താന്‍ അന്വേഷിച്ചു വന്ന നിദാല്‍ അഹമ്മദ് മേമന്‍ എന്ന പത്തൊന്‍പതുകാരന്‍റെ വീടിനു മുന്നില്‍ ടെന്‍റ് കെട്ടി താമസം തുടങ്ങി. എന്നാല്‍ മേമനും കുടുംബവും വീടുപൂട്ടി സ്ഥലം വിട്ടിരുന്നു. ഇവര്‍ ഇക്കാര്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടു. പത്രസമ്മേളനവും നടത്തി. ഇതോടെ യുവതി സമൂഹശ്രദ്ധ പിടിച്ചുപറ്റി.
സര്‍ക്കാരിനോട് പണം ആവശ്യപ്പെട്ടാണ് ഒനിജ പത്രസമ്മേളനം നടത്തിയത്. ഒരു ലക്ഷം ഡോളറാണ് ഒനിജ ആവശ്യപ്പെട്ടത്. അതില്‍ ഇരുപതിനായിരം ഡോളര്‍ ഈ ആഴ്ച പണമായി തന്നെ കയ്യില്‍ തരണം, കാരണം അയ്യായിരം മുതല്‍ പതിനായിരം ഡോളറോളം ഒരാഴ്ചത്തെ താമസത്തിനു വേണ്ടി മാത്രം ചെലവാകുന്നുണ്ട്, അത് സര്‍ക്കാര്‍ നല്‍കണം എന്നും ഒനിജ പറയുന്നു.
ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റ് ചാര്‍ജടക്കം നല്‍കാമെന്ന് പറഞ്ഞ് പല എന്‍ജിഒ സംഘടനകളും മുന്നോട്ടു വന്നു. എന്നാല്‍ താന്‍ മേമനെ ഓണ്‍ലൈനില്‍ വിവാഹം കഴിച്ചുവെന്നും തനിക്ക് മടങ്ങിപ്പോകാന്‍ സാധിക്കില്ലെന്നും പറഞ്ഞ് ആ സഹായം ഒനിജ വേണ്ടെന്നു വച്ചു. ഞങ്ങള്‍ ഉടന്‍ ദുബായിലേക്ക് പോകുമെന്നും അവിടെ വച്ച് ഞങ്ങളുടെ കുഞ്ഞിനെ പ്രസവിക്കുമെന്നും ഇവര്‍ ഒരു ഘട്ടത്തില്‍ പറഞ്ഞു.
ഇതിനിടെ ഒനിജയുടെ മകനെന്ന് അവകാശപ്പെട്ട് ജെറേമിയ റോബിന്‍സണ്‍ എന്നൊരാള്‍ കൂടി മുന്നോട്ടുവന്നു. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് തന്‍റെ അമ്മയെന്ന് മകന്‍ പത്രസമ്മേളനം നടത്തി പറഞ്ഞു. ഇതോടെ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു. മാസങ്ങള്‍ നീണ്ട പാകിസ്ഥാന്‍ വാസത്തിനൊടുവില്‍ ഒനിജ അമേരിക്കയിലേക്ക് മടങ്ങിയെന്ന റിപ്പോര്‍ട്ടുകളും എത്തുന്നുണ്ട്.