മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായി.
അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ വിലക്കില്‍ താലിബാന്‍ നേതാക്കള്‍ രണ്ടു തട്ടിലെന്ന് റിപ്പോര്‍ട്ട്. വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട മുതിര്‍ന്ന താലിബാന്‍ നേതാവ് രാജ്യം വിട്ടതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട്. താലിബാന്‍റെ വിദേശകാര്യ സഹ മന്ത്രിയായ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായിയാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ അനുകൂലിച്ച് സംസാരിച്ചതിന്‍റെ പേരില്‍ അറസ്റ്റ് ഭീഷണി വന്നതോടെയാണ് സ്റ്റാനിക്‌സായി രാജ്യം വിടാന്‍ നിര്‍ബന്ധിതനായതെന്ന് റിപ്പോര്‍ട്ട്.
ജനുവരി 20 തിന് അഫ്ഗാന്‍– പാകിസ്ഥാന്‍ ബോര്‍ഡറിലെ ഖോസ്റ്റ് പ്രവിശ്യയില്‍ നടന്ന ബിരുദ ചടങ്ങിലാണ് മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സംസാരിച്ചത്. 'പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ ഇപ്പോഴും ഭാവിയിലും ഒഴിവുകള്‍ പാടില്ല. 20 ദശലക്ഷം ആളുകളോട് ഞങ്ങൾ അനീതി കാണിക്കുകയാണ്' എന്നാണ് സ്റ്റാനിക്‌സായി സംസാരിച്ചത്.
'മുഹമ്മദ് നബിയുടെ കാലത്ത് അറിവിന്‍റെ വാതിലുകള്‍ സ്ത്രീക്കും പുരുഷനും തുറന്നിട്ടിരുന്നു. ശ്രദ്ധേയരായ സ്ത്രീകൾ ഉണ്ടായിരുന്നു, അവരുടെ സംഭാവനകളെക്കുറിച്ച് വിശദീകരിക്കുകയാണെങ്കിൽ, അതിന് ഗണ്യമായ സമയമെടുക്കും' എന്നും സ്റ്റാനിക്‌സായി പറഞ്ഞു. പ്രസംഗം വിവാദമായതോടെ താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ മന്ത്രിയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയും യാത്രാ വിലക്ക് ഏർപ്പെടുത്തുകയുമായിരുന്നു.
ഇതിന് പിന്നാലെ സ്റ്റാനിക്‌സായി യുഎഇയിലേക്ക് രക്ഷപ്പെട്ടു എന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദുബായിലാണുള്ളതെന്ന് സ്ഥിരീകരിച്ച സ്റ്റാനിക്‌സായി ആരോഗ്യ കാരണങ്ങളാലാണ് യുഎഇയിലേക്ക് മാറിയതെന്ന് പ്രാദേശിക മാധ്യമത്തോട് വിശദീകരിച്ചു. 2021 ല്‍ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭരണത്തിലെത്തിയത് മുതല്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസത്തിനും ജോലി ചെയ്യനും യാത്ര ചെയ്യാനുമടക്കം നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.