ബിയാൻക സെൻസോറി ഗ്രാമി വേദിയിൽ വെച്ച് രോമക്കുപ്പായം അഴിച്ചുമാറ്റി നഗ്നതാ പ്രദർശനം നടത്തിയതിൽ വിശദീകരണവുമായി പങ്കാളി റാപ്പർ കാന്യേ വെസ്റ്റ് രംഗത്ത്. ബിയാൻക അതിസുന്ദരിയാണെന്നും രോമക്കുപ്പായം അഴിച്ചുമാറ്റിയത് പ്രശസ്തിക്കു വേണ്ടിയല്ലെന്നുമാണ് അദ്ദേഹം പറയുന്നത്. ഗ്രാമിക്കു ശേഷം വിവാദങ്ങൾ പുകയവേ ഒരു മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രശസ്തിക്കു വേണ്ടിയല്ല ബിയാൻക അങ്ങനെ ചെയ്തത്. അത് ഒരു ആർട്ടാണ്. ഗ്രാമി പ്രഖ്യാപനത്തിന്റെ പിറ്റേ ദിവസം ഇന്റർനെറ്റിൽ ഏറ്റവുമധികം പേര്‍ സെര്‍ച്ച് ചെയ്തത് എന്റെ പങ്കാളിയുടെ പേരാണ്. – കാന്യേ വെസ്റ്റ് വിശദീകരിക്കുന്നു.
എന്നാല്‍, ബിയാൻക ഗ്രാമി വേദിയില്‍ വെച്ച് തുണി അഴിച്ചതിന് പിന്നാലെ, 20 മില്യൻ ഡോളറിന്റെ നഷ്ടം കന്യേ വെസ്റ്റിന് ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. സംഘാടകർ ഇടപെട്ട് ജപ്പാനിൽ നടത്താനിരുന്ന സംഗീതപരിപാടി റദ്ദ് ചെയ്തുവെന്നാണു ലഭ്യമാകുന്ന വിവരം. മേയ് മാസത്തിൽ ടോക്കിയോ ഡോമിൽ 2 പരിപാടികൾ നടത്താന്‍ കന്യേ വെസ്റ്റ് കരാറൊപ്പിട്ടിരുന്നു. എന്നാൽ, ഗ്രാമി വേദിയിലെ ബിയാൻക സെൻസോറിയുടെ വിവാദ വസ്ത്രധാരണം സംഘാടകരെ മാറ്റിചിന്തിപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
ലൊസാഞ്ചലസിൽ നടന്ന 67ാം ഗ്രാമിയിലാണ് കന്യേ വെസ്റ്റിന്‍റെ പങ്കാളി ബിയാൻകയുടെ വസ്ത്രത്തിന്‍റെ പേരില്‍ വിവാദമുണ്ടായത്. കാന്യെ വെസ്റ്റിനൊപ്പം കറുപ്പ് രോമക്കുപ്പായം ധരിച്ചായിരുന്നു ബിയാൻക റെഡ്കാർപ്പറ്റിലെത്തിയത്. കാണികളെ ഞെട്ടിച്ച് ബിയാൻക രോമക്കുപ്പായം അഴിച്ചുമാറ്റി അര്‍ഥ നഗ്നയായി മാറുകയായിരുന്നു. വസ്ത്രമാണെന്ന് പോലും അറിയാനാവാത്ത തരത്തിലുള്ള ശരീരത്തോടു ഒട്ടിക്കിടക്കുന്ന ന്യൂഡ് സ്കിൻ ടൈറ്റ് വസ്ത്രമാണ് ബിയാൻക ഉപയോഗിച്ചത്. സമൂഹമാധ്യമങ്ങളിലാകെ ഇതിന്റെ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്.