Photo Courtesy: instagram.com/peachoothelabel
ഓറക്കിള്‍ മുന്‍ സിഇഒ മാര്‍ക് ഹര്‍ഡിന്‍റെ വിധവ പൗള ഹര്‍ഡുമായി പ്രണയത്തിലാണെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. 2022 മുതല്‍ ഇരുവരെയും പല ചടങ്ങുകളിലും ഒരുമിച്ച് കണ്ടിരുന്നുവെങ്കിലും ആദ്യമായാണ് ബില്‍ ഗേറ്റ്സ് ഇക്കാര്യം പരസ്യമായി സമ്മതിക്കുന്നത്. ‘എനിക്ക് ഒരു സീരിയസ് ഗേള്‍ ഫ്രണ്ട് ഉണ്ട്. പൗള എന്നാണ് പേര്. ഞങ്ങള്‍ യാത്രകള്‍ ചെയ്യുകയും ജീവിതം ആസ്വദിക്കുകയുമാണ്...’ – ‘ടുഡേ ഷോ’ ടെലിവിഷന്‍ പരിപാടിയില്‍ ബില്‍ പറഞ്ഞു.
Photo Courtesy: instagram.com/thisisbillgates
പൊതുജനോപകാരത്തിനായി ധനസമാഹരണം നടത്തുകയും വന്‍തുകകള്‍ സംഭാവന നല്‍കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് പൗള ഹര്‍ഡ്. മാര്‍ക് ഹര്‍ഡുമായുള്ള 30 വര്‍ഷത്തെ ദാമ്പത്യത്തില്‍ അവര്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്. 2019 ഒക്ടോബറിലാണ് മാര്‍ക് വിടവാങ്ങിയത്. അതിനുശേഷം ബെയ്‍ലര്‍ യൂണിവേഴ്സിയുമായി ബന്ധപ്പെട്ടും യൂണിവേഴ്സല്‍ ടെന്നിസ് ഫൗണ്ടേഷന്‍ അധ്യക്ഷ എന്ന നിലയിലും പ്രവര്‍ത്തിക്കുകയാണ് അവര്‍. ബില്‍ ഗേറ്റ്സുമായി സൗഹൃദത്തിലാണെന്ന് 2023ല്‍ അനൗദ്യോഗികമായി പൗള സമ്മതിച്ചിരുന്നു.
മെലിന്‍ഡ ഗേറ്റ്സുമായി 27 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് രണ്ടുവര്‍ഷം കഴിഞ്ഞാണ് ബില്‍ ഗേറ്റ്സ് പൗളയുമായി അടുക്കുന്നത്. മെലിന്‍ഡ ഗേറ്റ്സുമായുള്ള വിവാഹമോചനമാണ് ജീവിതത്തില്‍ ഏറ്റവും ഖേദിക്കുന്ന മുഹൂര്‍ത്തമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. 2021ലാണ് ബില്ലും മെലിന്‍ഡയും വഴിപിരിഞ്ഞത്. അതിന്‍റെ ആഘാതം തരണം ചെയ്യാന്‍ രണ്ടുവര്‍ഷത്തിലേറെ എടുത്തെന്ന് ബില്‍ ഗേറ്റ്സ് ‘ടുഡേ ഷോ’യില്‍ പറഞ്ഞു. മെലിന്‍ഡയ്ക്ക് വിഷമമുണ്ടാക്കിയ പല കാര്യങ്ങളും താന്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചു.
Photo Courtesy: instagram.com/thisisbillgates
ബില്ലിന് മൈക്രോസോഫ്റ്റിലെ വനിതാജീവനക്കാരിയുമായുണ്ടായിരുന്ന ബന്ധമാണ് ബില്‍ ഗേറ്റ്സ് – മെലിന്‍ഡ ദമ്പതികള്‍ വേര്‍പിരിയാനിടയായ ഒരു കാരണം. ഒട്ടേറെ ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ ഹോളിവുഡ് നടന്‍ ജെഫ്രി ഇപ്സ്റ്റണുമായുള്ള ബില്‍ ഗേറ്റ്സിന്‍റെ അടുത്ത സൗഹൃദം മെലിന്‍ഡയെ രോഷാകുലയാക്കിയിരുന്നു. അക്കാര്യം അവര്‍ പരസ്യമായി പറയുകയും ചെയ്തു. ജെഫ്രിയുമായുള്ള സൗഹൃദം ഒരു തെറ്റായിരുന്നുവെന്നാണ് ബില്‍ അതിനുശേഷം എടുത്ത നിലപാട്.
പൗള ഹര്‍ഡിനെ പങ്കാളിയായി കിട്ടിയതില്‍ താന്‍ ഭാഗ്യവാനാണെന്ന് ബില്‍ ഗേറ്റ്സ് ‘ടുഡേ ഷോ’യില്‍ പറഞ്ഞു. ഒരുപാട് നല്ല കാര്യങ്ങള്‍ ഒരുമിച്ച് ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അനന്ത് അംബാനിയുടെ വിവാഹവും പാരിസ് ഒളിംപിക്സുമുള്‍പ്പെടെ പല പ്രധാന ചടങ്ങുകളിലും ബില്‍ ഗേറ്റ്സ് പൗളയ്ക്കൊപ്പം എത്തിയിരുന്നു.
Photo Courtesy: instagram.com/thisisbillgates