AI Generated image
കാമുകിയോട് വിവാഹാഭ്യര്‍ഥന നടത്താന്‍ കേക്കുണ്ടാക്കി അതിനുള്ളില്‍ സ്വര്‍ണമോതിരം ഒളിപ്പിച്ച കാമുകനെ കാത്തിരുന്നത് വന്‍ ട്വിസ്റ്റ്. വിശന്നെത്തിയ കാമുകി , പ്രണയം നിറച്ച് കാമുകനുണ്ടാക്കിയ കേക്ക് മുഴുവനായും തിന്ന് തീര്‍ത്തു! കൂട്ടത്തില്‍ ഉള്ളിലൊളിപ്പിച്ച സ്വര്‍ണമോതിരവും ചവച്ച് തിന്നു. സര്‍പ്രൈസാക്കാന്‍ കാത്തിരുന്ന കാമുകന്‍ ഞെട്ടി. തെക്കന്‍ ചൈനയിലെ സിയാച്ചിന്‍ പ്രവിശ്യയിലാണ് സംഭവമെന്ന് സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ലിയുവെന്ന യുവതി തന്നെയാണ് മോതിരം താന്‍ ചവച്ച് തിന്ന വിവരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. 'ശ്രദ്ധിക്കൂ, പുരുഷന്‍മാരേ, വിവാഹാഭ്യാര്‍ഥന നടത്താനുള്ള മോതിരം ദയവ് ചെയ്ത് ഭക്ഷണത്തില്‍ ഒളിപ്പിക്കരുത്' എന്നാരംഭിക്കുന്ന കുറിപ്പിലാണ് യുവതി രസകരമായ പ്രപ്പോസല്‍ വിവരം പങ്കുവച്ചത്. വിശന്ന് വലഞ്ഞാണ് താന്‍ കാമുകനെ കാണാനെത്തിയതെന്നും കേക്ക് കണ്ടപാടെ എടുത്ത് കഴിച്ചുവെന്നും ലിയു പറയുന്നു. കേക്കിന് പുറത്ത് മീറ്റ് ഫ്ലോസുണ്ടായിരുന്നുവെന്നും അതല്‍പ്പം കട്ടിയുള്ളതായതിനാലാണ് താന്‍ ചവച്ചതെന്നും യുവതി പറയുന്നു. പക്ഷേ കുറച്ച് കൂടുതല്‍ കട്ടിയേറിയ എന്തോ ഒന്നില്‍ കടിച്ചെന്ന് തോന്നിയപ്പോള്‍ തുപ്പുകയായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി. അപ്പോള്‍ മാത്രമാണ് താന്‍ വിവാഹാഭ്യര്‍ഥന നടത്തുന്നതിനായി ഉള്ളിലൊളിപ്പിച്ച മോതിരത്തിന്‍റെ കഷ്ണമാണതെന്ന് കാമുകന്‍ പറഞ്ഞതെന്നും ലിയു കൂട്ടിച്ചേര്‍ത്തു.
കാമുകന്‍ തമാശ പറയുകയാണെന്നാണ് ലിയു ആദ്യം കരുതിയത്. സംശയം തോന്നി തുപ്പിയ കഷ്ണം പരിശോധിച്ചപ്പോഴാണ് രണ്ടായി ഒടിഞ്ഞ മോതിരത്തിന്‍റെ കഷ്ണമാണെന്ന് തിരിച്ചറിഞ്ഞതെന്നും ലിയു പറയുന്നു. കുറച്ച് നേരത്തേക്ക് സ്തബ്ധയായിപ്പോയി താനെന്നും 'ഞാനിനി മുട്ടില്‍ നിന്ന് വില്‍ യൂ മാരീ മീ' എന്ന് ചോദിക്കണോ എന്ന കാമുകന്‍റെ ചോദ്യത്തില്‍ പൊട്ടിച്ചിരിച്ചുപോയെന്നും യുവതി പറയുന്നു. മോതിരം കഴിച്ചുവെങ്കിലും ലിയു കാമുകനെ വിവാഹം കഴിക്കാമെന്ന് സമ്മതം മൂളിയാണ് മടങ്ങിയത്.