അല്‍–ബുറെയ്ജ് അഭയാര്‍ഥിക്യാംപില്‍ കൊല്ലപ്പെട്ട കുഞ്ഞിന്‍റെ മൃതദേഹത്തിനരികില്‍ വിലപിക്കുന്ന ബന്ധുക്കള്‍
വടക്കന്‍ ഗാസയിലെ ജബലിയ പട്ടണത്തിലുള്ള അല്‍–ബുറെയ്ജ് അഭയാര്‍ഥിക്യാംപില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രണത്തില്‍ 17 പലസ്തീന്‍ അഭയാര്‍ഥികള്‍ കൊല്ലപ്പെട്ടു. ഈ മേഖലയില്‍ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം ഉണ്ടായെന്നാരോപിച്ചായിരുന്നു ഇസ്രയേല്‍ നടപടി. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളുമുണ്ടെന്നാണ് വിവരം. പലസ്തീനിലെ വാര്‍ത്താ ഏജന്‍സിയായ വാഫയാണ് കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. ആക്രമണത്തെക്കുറിച്ച് ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല.
ഗാസയില്‍ തകര്‍ന്ന വീടുകള്‍ക്കരികിലെത്തിയവര്‍ ബോംബ് വീണപ്പോള്‍ ഓടുന്നു (ഫയല്‍)
അഭയാര്‍ഥി ക്യാംപിലെ ആക്രമണത്തിന് മുന്നോടിയായി എക്സില്‍ ഇസ്രയേല്‍ സൈനിക വക്താവ് മുന്നറിയിപ്പ് സന്ദേശം നല്‍കിയിരുന്നു. അല്‍–ബുറെയ്ജ് ക്യാംപിലുള്ളവര്‍ എത്രയും വേഗം ഒഴിഞ്ഞുപോകണം എന്നായിരുന്നു സന്ദേശം. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനുനേരെയുണ്ടായ ഹമാസ് ആക്രമണത്തില്‍ പങ്കാളിയായ അബ്ദ് അല്‍–ഹാദി സദായെ വധിച്ചെന്നും ഇസ്രയേല്‍ സേന അറിയിച്ചു.
അല്‍–ബുറെയ്ജ് ക്യാംപ് ഒഴിപ്പിച്ചതോടെ ഗാസയില്‍ നിന്ന് ഓടിപ്പോയ ജനങ്ങള്‍ വീണ്ടും സുരക്ഷിതകേന്ദ്രങ്ങള്‍ തേടി പലായനം തുടരുകയാണ്. ഗാസയില്‍ ഒരിടവും സുരക്ഷിതമല്ലെന്ന് പലസ്തീന്‍ ഭരണകൂടവും ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥരും പറഞ്ഞു. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ 1500ലേറെ അഭയാര്‍ഥി ടെന്‍റുകള്‍ മുങ്ങിയിരുന്നു. അവശേഷിച്ച അവശ്യ സാധനങ്ങളും നശിച്ചു. മറ്റ് നൂറുകണക്കിന് ടെന്‍റുകളിലെ അവസ്ഥയും ദയനീയമാണ്. ഇതൊന്നും കണക്കിലെടുക്കാതെ ഇസ്രയേല്‍ ഗാസയെ നിലംപരിശാക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുകയാണ്.
വെള്ളത്തില്‍ മുങ്ങിയ ദെയ്ര്‍–അല്‍–ബലായിലെ അഭയാര്‍ഥിക്യാംപുകളിലെ ദുരിതം
ഹമാസ് അംഗങ്ങള്‍ വീണ്ടും സംഘടിക്കാതിരിക്കാനും മറ്റ് പലസ്തീന്‍ സായുധസംഘടനകള്‍ക്ക് ഇടംകിട്ടാതിരിക്കാനുമാണ് മേഖല മുഴുവന്‍ തച്ചുതകര്‍ക്കുന്നത്. ബെയ്ത്ത് ലഹിയയിലേയും ജബലിയയിലേയും അവശേഷിച്ച കെട്ടിടങ്ങളും ഷെല്ലിങ് നടത്തിയും ബോംബിട്ടും തകര്‍ക്കുകയാണ്. യുദ്ധശേഷം ഈ മേഖലകള്‍ അടച്ചിട്ട് ബഫര്‍ സോണായി ഉപയോഗിക്കാനാണ് ഇസ്രയേലിന്‍റെ പദ്ധതിയെന്ന് സൂചനയുണ്ട്. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന സൈനികനടപടിയില്‍ ഇതുവരെ 45,500 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടുവെന്ന് പലസ്തീന്‍ ആരോഗ്യവകുപ്പ് അറിയിച്ചു.
കനത്ത മഴയില്‍ മുങ്ങിയ ദെയ്ര്‍–അല്‍–ബലായിലെ അഭയാര്‍ഥിക്യാംപുകളുടെ അവസ്ഥ