AI generated image
കുടുംബസ്ഥനായ സഹപ്രവര്‍ത്തകനുമായി പ്രണയം കലശലായതോടെ ബന്ധം ഒഴിയുന്നതിനായി സഹപ്രവര്‍ത്തകന്‍റെ ഭാര്യയ്ക്ക് 'ഡിവോഴ്സ് ഫീ' നല്‍കി കാമുകി. ചൈനയിലാണ് സംഭവം. ഒരു മില്യണിലേറെ യുവാന്‍ (ഏകദേശം 1.4 കോടി രൂപ)യാണ് ഷി എന്ന യുവതി കാമുകന്‍റെ ഭാര്യയ്ക്ക് നല്‍കിയത്. പണം സന്തോഷത്തോടെ സ്വീകരിച്ച ഭാര്യ പക്ഷേ പറഞ്ഞിരുന്ന സമയം ആയപ്പോള്‍ വാഗ്ദാനത്തില്‍ നിന്നും പിന്‍മാറി. ഇതോടെ കൊടുത്ത പണം തിരികെ കിട്ടാന്‍ കോടതി കയറിയിറങ്ങുകയാണ് ഷി. കോടതിയാവട്ടെ ഷിയുടെ പരാതി നിഷ്കരുണം തള്ളുകയും ചെയ്തു.
2013ലാണ് ഹാന്‍ എന്ന യുവാവ് യാങ് എന്ന സ്ത്രീയെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ രണ്ട് പെണ്‍കുട്ടികളും ജനിച്ചു. വര്‍ഷങ്ങള്‍ കടന്നുപോയതോടെ സഹപ്രവര്‍ത്തകയായ ഷിയുമായി ഹാന്‍ പ്രണയത്തിലായി. ഈ ബന്ധത്തില്‍ 2022 നവംബറില്‍ ഒരു മകനും ജനിച്ചു. പിന്നാലെ ഇരുവരും ചേര്‍ന്ന് പുതിയ ബിസിനസും തുടങ്ങി.
കുടുംബമായി ജീവിക്കാന്‍ തുടങ്ങിയതോടെ ഹാനിന്‍റെ നിയമപരമായ ഭാര്യയെ ഷി നേരില്‍ പോയി കണ്ടു. രണ്ട് ദശലക്ഷം യുവാന്‍(2.4 കോടി രൂപ) നല്‍കാമെന്നും ഹാനുമായുള്ള ബന്ധം നിയമപരമായി വേര്‍പെടുത്തണമെന്നും ആവശ്യപ്പെട്ടു. കരാര്‍ അംഗീകരിച്ച യാങ് ആദ്യഘട്ടമായി 1.4 കോടി രൂപ അക്കൗണ്ടില്‍ വാങ്ങി. 2022ലായിരുന്നു ഇത്. എന്നാല്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയതുമില്ല. ഒരു വര്‍ഷത്തോളം ഷി , ആവശ്യമുന്നയിച്ച് യാങിന് പിന്നാലെ നടന്നു. യാങാവട്ടെ പണം തിരികെ നല്‍കാനോ, വിവാഹമോചനത്തിന് നടപടി സ്വീകരിക്കാനോ തയ്യാറായില്ല. ഇതോടെയാണ് ഷി കോടതിയെ സമീപിച്ചത്.
താനും യാങും തമ്മില്‍ വാക്കാലുള്ള ഉടമ്പടിയുണ്ടായിരുന്നുവെന്നും കരാര്‍ പാലിക്കാതിരുന്നതിനെ തുടര്‍ന്ന് യാങ് പലിശ സഹിതം പണം തിരികെ നല്‍കണമെന്നുമായിരുന്നു ഷിയുടെ വാദം. കോടതി ഷിയുടെ വാദം മുഖവിലയ്ക്കെടുക്കാതെ േകസ് തള്ളുകയായിരുന്നു. ഇതോടെ ഹാനുമായി പിരിയാനും ഷി തീരുമാനിച്ചു.