ബെല്‍ജിയം ആന്റ്‌വെർപ് നഗരത്തിലെ സെക്സ് ബൂത്തിന്‍റെ മുന്‍വശം. ചിത്രം എപി
ലോകത്ത് ആദ്യമായി ലൈംഗിക തൊഴിലാളികൾക്ക് തൊഴിൽ നിയമങ്ങള് പ്രഖ്യാപിച്ച് യൂറോപ്യൻ രാജ്യമായ ബെൽജിയം. പുതിയ നിയമപ്രകാരം ലൈംഗിക തൊഴിലാളികള്‍ക്ക് അസുഖാവധി, പ്രസവാനുകൂല്യം, പെൻഷൻ എന്നിവ ലഭിക്കും. ഡിസംബർ ഒന്ന് മുതൽ ഇവ പ്രാബല്യത്തിലായി. കൂടുതൽ സുരക്ഷ ലഭിക്കുമെന്നാണ് ലൈംഗിക തൊഴിലാളികള്‍ പ്രതികരിച്ചത്. 2022 മുതൽ ബെൽജിയത്തിൽ ലൈംഗിക തൊഴിൽ നിയമവിധേയമാക്കിയിട്ടുണ്ട്.
ഇനി മുതൽ ബെൽജിയത്തിൽ ലൈംഗിക തൊഴിലാളികള്‍ക്ക് നിയമപരമായ തൊഴിൽ കരാറിലേർപ്പെടാൻ സാധിക്കും. പെൻഷൻ, ആരോഗ്യ ഇൻഷൂറൻസ്, അസുഖാവധി എന്നിവ ഇതിന്‍റെ ഭാഗമായി ലഭിക്കും. ഏതെങ്കിലും ക്ലെയിന്‍റിനെ നിരസിക്കാനോ പ്രത്യേക ലൈംഗിക പ്രവർത്തി ചെയ്യുന്നതിൽ നിന്ന് പിൻമാറാനോ സാധിക്കും. ഇതിൻറെ പേരിൽ ജോലിയിൽ നിന്ന് പുറത്താക്കാൻ സാധിക്കില്ല. ലൈംഗികത്തൊഴിലാളികൾക്ക് ശമ്പളത്തോടുകൂടിയ അവധി, പ്രസവാനുകൂല്യങ്ങൾ, തൊഴിലില്ലായ്മ ആനുകൂല്യങ്ങളും ലഭിക്കും.
തൊഴിലുടമയുമായി കരാറിലെത്തുന്ന തൊഴിലാളികള്‍ക്കാണ് ഈപറഞ്ഞ ആനുകൂല്യങ്ങള്‍ ലഭിക്കുക. സ്വയം തൊഴിലാളി ലൈംഗിക തൊഴിലിൽ ഏർപ്പെടുന്നവർക്ക് പരിരക്ഷ ലഭിക്കില്ല. ലൈംഗികചിത്രത്തിൽ അഭിനയിക്കുന്നവർക്കും സ്ട്രിപ്റ്റീസ് നടത്തുന്നവർക്കും പരിഗണന ലഭിക്കില്ല.
തൊഴിലുടമയ്ക്കുള്ള നിര്‍ദ്ദേശങ്ങളും നിയമത്തിലുണ്ട്. തൊഴിലാളികള്‍ ലൈംഗികാതിക്രമം, മനുഷ്യകടത്ത്, തട്ടിപ്പ് എന്നികേസിൽ ശിക്ഷക്കപ്പെട്ടവരല്ലെന്ന് തൊഴിലുടമ ഉറപ്പുവരുത്തണം. ജോലി സ്ഥലത്ത് പാനിക്ക് ബട്ടൺ സ്ഥാപിക്കണം. കർശനമായ നിയമങ്ങൾ പാലിച്ചാൽ, ലൈംഗിക ജോലി നിയന്ത്രിക്കുന്ന പിമ്പുകൾക്കും നിയമപരമായി പ്രവർത്തിക്കാനാകുമെന്നും നിയമം വ്യക്തമാക്കുന്നു.
ജർമ്മനി, ന്യൂസിലാൻഡ്, ഗ്രീസ്, നെതർലാൻഡ്‌സ്, തുർക്കി, ഓസ്‌ട്രേലിയയുടെ ചില ഭാഗങ്ങൾ എന്നിവയുൾപ്പെടെ പല രാജ്യങ്ങളിലും ലൈംഗിക തൊഴിലിന് നിയമസാധുതയുണ്ട്. ന്യൂസിലാൻഡിൽ ലൈംഗികത്തൊഴിലാളിക്ക് ക്ലയന്‍റിനെ നിരസിക്കാനും തൊഴിലില്ലായ്മ ആനുകൂല്യങ്ങൾ നേടാനും നിയമം അനുവദിക്കുന്നുണ്ട്. യുഎസിൽ നെവാഡ സംസ്ഥാനത്ത് മാത്രമാണ് ലൈംഗിക തൊഴിലിന് നിയമസാധുതയുള്ളത്.