A Yars intercontinental ballistic missile is launched during a test from the Plesetsk cosmodrome in Northern Arkhangelsk region, Russia, (Image: Reuters)
യുക്രെയ്നുള്ള യുഎസ് സഹായം തുടര്‍ന്നാല്‍ ജന്‍മനാട് സംരക്ഷിക്കാന്‍ ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുട്ടിന്‍. പിന്നാലെ ആണവായുധങ്ങളുടെ പരീക്ഷണത്തിന് തുടക്കമിട്ട് റഷ്യന്‍ സൈന്യം. യുക്രൈന്‍ യുദ്ധം നിര്‍ണായകവും കഠിനവുമായ ഘട്ടത്തിലെന്ന് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് ആണവായുധ പരീക്ഷണങ്ങള്‍ക്ക് പുട്ടിന്‍ അനുമതി നല്‍കിയത്. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ആണവ പരീക്ഷണം പുട്ടിന്‍റെ അനുമതിയോടെ റഷ്യ നടത്തുന്നത്. അതേസമയം, റഷ്യന്‍ നീക്കത്തെ എങ്ങനെ സമീപിക്കണമെന്ന ആശങ്കയിലും അമ്പരപ്പിലുമാണ് നാറ്റോ സഖ്യം.
ദീര്‍ഘദൂര മിസൈലുകള്‍ യുക്രൈയ്ന് നല്‍കാന്‍ യുഎസ് തീരുമാനമെടുത്തതിന് പിന്നാലെയാണ് ആണവ പോര്‍മുന റഷ്യ സജീവമാക്കിയത്. യുക്രൈയിന് യുഎസ് ദീര്‍ഘദൂര മിസൈലുകള്‍ നല്‍കാനാണ് ഉദ്ദേശമെങ്കില്‍ ആണവായുധ പ്രയോഗം ആലോചിക്കേണ്ടി വരുമെന്നാണ് റഷ്യന്‍ ഭീഷണി.
ആണവശക്തിയല്ലാത്ത യുക്രൈയ്ന് നേരെ ആണവായുധം പ്രയോഗിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ മടിക്കില്ലെന്ന റഷ്യയുടെ വാക്കുകളെ അതീവ ഗൗരവത്തോടെയാണ് ലോകം നോക്കിക്കാണുന്നത്. ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകള്‍ എങ്ങനെ ഫലപ്രദമായി ആണവായുധം ഉപയോഗിക്കാന്‍ പ്രയോജനപ്പെടുത്താമെന്നത് റഷ്യ പരീക്ഷിക്കുകയാണെന്നായിരുന്നു പുട്ടിന്‍റെ പ്രതികരണം. അവസാന നടപടിയെന്ന നിലയില്‍ മാത്രമേ ആണവായുധം പ്രയോഗിക്കുകയുള്ളൂവെന്നും എന്നാല്‍ അത് സദാ സജ്ജമായിരിക്കുമെന്നും പുട്ടിന്‍ കൂട്ടിച്ചേര്‍ത്തു. പുതിയ ആയുധപ്പോരില്‍ പങ്കുചേരാന്‍ റഷ്യയ്ക്ക് താല്‍പര്യമില്ലെന്നും പക്ഷേ ആവശ്യം വന്നാല്‍ ഉപയോഗിക്കാന്‍ റഷ്യന്‍ ആണവായുധങ്ങള്‍ സജ്ജമാണെന്നും പുട്ടിന്‍ പറഞ്ഞു.
യുക്രെയ്ന്‍ യുദ്ധത്തില്‍ പങ്കുചേരുന്നതിനായി ഉത്തര കൊറിയ സൈനികരെ അയച്ചുവെന്ന വാര്‍ത്തകളെ നാറ്റോ സഖ്യം അപലപിച്ചിരുന്നു. പതിനായിരത്തോളം സൈനികരെ റഷ്യയ്ക്കായി ഉത്തരകൊറിയ നല്‍കിയെന്ന് യുഎസ് ആരോപിക്കുമ്പോള്‍ പന്ത്രണ്ടായിരത്തിലേറെ ഉത്തര കൊറിയന്‍ സൈനികര്‍ യുക്രെയിനെതിരെ പോരാടാന്‍ എത്തിയിയെന്നായിരുന്നു സെലന്‍സ്കിയുടെ വെളിപ്പെടുത്തല്‍. ഇവരില്‍ ഒരു വിഭാഗം യുക്രെയ്ന് അടുത്തെത്തിയിട്ടുണ്ടെന്നും പെന്‍റഗണ്‍ ആരോപിച്ചിരുന്നു. എന്നാല്‍ യുക്രെയ്നെ പ്രതിരോധിക്കാന്‍ റഷ്യന്‍ സൈന്യം തന്നെ ധാരാളമാണെന്നായിരുന്നു പുട്ടിന്‍റെ മറുപടി.
ലോകത്തെ ഏറ്റവും വലിയ ആണവ ശക്തിയാണ് റഷ്യ. യുഎസിന്‍റെയും റഷ്യയുടെയും പക്കലാണ് ലോകത്തെ 88 ശതമാനം ആണവായുധങ്ങളുമുള്ളത്. അമേരിക്കയടക്കമുള്ള പടിഞ്ഞാറന്‍ രാജ്യങ്ങള്‍ കടന്നുകയറ്റം നടത്തുകയാണെന്നാണ് പുട്ടിന്‍റെ ആരോപണം. എന്നാല്‍ പുട്ടിന്‍റേത് അഴിമതിയില്‍ കുളിച്ച ഏകാധിപത്യ സര്‍ക്കാരാണെന്ന വാദമാണ് യുഎസിനുള്ളത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉരസല്‍ മൂന്നാം ലോകയുദ്ധത്തിലേക്ക് തന്നെ വഴിമാറിയേക്കാമെന്ന ആശങ്കയാണ് ലോകത്തിനുള്ളത്. ആണവയുദ്ധത്തിനുള്ള സാധ്യത ട്രംപും തള്ളുന്നില്ല. യുക്രെയ്ന് കൂടുതല്‍ സഹായം യുഎസ് നല്‍കിയാല്‍ കിമ്മിന്‍റെ ഉത്തര കൊറിയ റഷ്യയുടെ സഹായത്തിനെത്തുമെന്നും ഇത് മൂന്നാം ലോക യുദ്ധത്തിന് കാരണമാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.