പ്രതീകാത്മ ചിത്രം
ഒരു കോഡിങ് പിഴവിന്റെ പേരിൽ പെട്ടിരിക്കുകയാണ് ഓസ്ട്രേലിയൻ വിമാന കമ്പനിയായ ക്വാണ്ടാസ്. ഓസ്ട്രേലിയയ്ക്കും യുഎസിനുമിടയിലുള്ള ഫസ്റ്റ് ക്ലാസ് വിമാന ടിക്കറ്റ് സാധാരണ നിരക്കിനേക്കാൾ 85 ശതമാനം ഇടിവിലാണ് കമ്പനി വിറ്റത്. സംഭവം കമ്പനിയുടെ ശ്രദ്ധയിൽപ്പെട്ടപ്പോഴേക്കും 300 ഓളം പേർ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുമുണ്ട്. സംഭവം കയ്യിൽ നിന്ന് പോയതോടെ പണം തിരികെ നൽകാനോ ടിക്കറ്റ് ഡൗൺഗ്രേഡ് ചെയ്ത് നൽകാനോ ഉള്ള തീരുമാനത്തിലാണ് കമ്പനി.
വ്യാഴാഴ്ച ഓസ്ട്രേലിയയ്ക്കും യുഎസിനുമിടയിലുള്ള വിമാന ടിക്കറ്റ് വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തതിനിടയിലാണ് പ്രശ്നമുണ്ടായത്. സാധാരണ നിരക്കിലുള്ളതിനേക്കാൾ 85 ശതമാനം ഇടിവിലാണ് വെബ്സൈറ്റിൽ ടിക്കറ്റ് നിരക്ക് കാണിച്ചത്. ഏകദേശം 16 ലക്ഷം രൂപയുടെ ടിക്കറ്റ് നാല് ലക്ഷത്തിന് ലഭിച്ചതോടെ 300 ഓളം യാത്രക്കാർ ടിക്കറ്റെടുത്തു. കമ്പനി വെബ്സൈറ്റിൽ എട്ട് മണിക്കൂറാണ് കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമായത്.
എയർപോർട്ട് ലോഞ്ച് ആക്‌സസ്, ഷാംപെയ്ൻ, കിടക്കയോടുകൂടിയ വിശാലമായ ഇരിപ്പിടങ്ങൾ, മെനു എന്നിങ്ങനെയുള്ള ആഡംബര ഫീച്ചറുകളുള്ള ടിക്കറ്റുകളാണ് കുറഞ്ഞ നിരക്കിൽ വിറ്റഴിച്ചത്. കമ്പനിയുടെ നിയമ പ്രകാരം ടിക്കറ്റ് ബുക്കിംഗ് റദ്ദാക്കാനോ റീഫണ്ട് നൽകാനോ പുതിയ ടിക്കറ്റ് നൽകാനോ ക്വാണ്ടാസിന് കഴിയും. അതേസമയം യാത്രക്കാർക്ക് 65 ശതമാനം ഇളവിൽ ബിസിനസ് ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുമെന്നും കമ്പനി വ്യക്തമാക്കി.