കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് കൂറ്റന്‍ മഞ്ഞുകട്ട (ഹിമാനി) പൊട്ടിത്തെറിച്ച് അലാസ്കയില്‍ പ്രളയം. നൂറോളം വീടുകളാണ് മുങ്ങിയത്. തിങ്കളാഴ്ച രാത്രിയോടെയാണ് കൂറ്റന്‍ ഹിമാനി പൊട്ടിത്തുടങ്ങിയത്. ചൊവ്വാഴ്ച പുലര്‍ച്ചയോടെ പൊട്ടിത്തെറി സംഭവിച്ചു. മഴവെള്ളവും മഞ്ഞും നിറഞ്ഞതോടെയാണ് മെന്‍ഡന്‍ഹാള്‍ ഹിമാനി അതിവേഗത്തില്‍ പൊട്ടിയടര്‍ന്നത്. കൂറ്റന്‍ ഹിമാനി പൊട്ടിയതോടെ നദിയിലെ ജലനിരപ്പ് 15.99 അടിയായി ഉയര്‍ന്നു. ഇത് നിലവില്‍ സാധാരണ നിലയിലേക്ക് മാറിയതായി അധികൃതര്‍ അറിയിച്ചു.
നദീതീരത്തേക്ക് പോകരുതെന്നും തല്‍കാലിക സുരക്ഷാകേന്ദ്രങ്ങളിലേക്ക് മാറാനും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. നിലവില്‍ ആളപായമോ, പരുക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ വര്‍ഷവും മെന്‍ഡന്‍ഹാളിനടുത്ത സൂയിസൈഡ് ബേസിനില്‍ കൂറ്റന്‍ ഹിമാനി പൊട്ടിത്തെറിച്ചത് വലിയ പ്രളയത്തിന് വഴി വച്ചിരുന്നു.
കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്നാണ് ഇത്തരത്തിലുള്ള ഗ്ലേസിയര്‍ തടാകങ്ങളുടെ വലിപ്പം വര്‍ധിക്കുന്നതും എണ്ണം കൂടുന്നതുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. 1965 മുതല്‍ സൂയിസൈഡ് ബേസിന്‍ അമേരിക്കന്‍ ഭൗമശാസ്ത്രജ്ഞര്‍ നിരീക്ഷിച്ച് വരികയാണ്. എന്നാല്‍ 2011 ജൂലൈ വരെ പ്രദേശത്ത് ഒരു ഹിമാനിപോലും പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2011ന് ശേഷം മുപ്പതിലധികം തവണ പ്രദേശത്ത് ഹിമാനി പൊട്ടിത്തെറിക്കുകയും സാരമായ നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.
ഭൂമിയിലെ ഏറ്റവും വലിയ ശുദ്ധജല സംഭരണികളാണ് ഗ്ലേസിയറുകള്‍ അഥവാ ഹിമാനികള്‍. കാലാനുസൃതമായ ധ്രുവ കാലാവസ്ഥകളില്‍ പലപ്പോഴും ഇവ വെള്ളം ഐസ് രൂപത്തില്‍ സംഭരിക്കുകയും പിന്നീട് വെള്ളമായി പുറത്ത് വിടുകയുമാണ് ചെയ്യുക. കാലാവസ്ഥാ വ്യതിയാനങ്ങളെ തുടര്‍ന്ന് ഇവ പൊട്ടിത്തെറിക്കുന്നതാണ് പ്രളയത്തിനും അപകടത്തിനും കാരണമാകുന്നത്.