രണ്ട് പതിറ്റാണ്ടിലെ ഏറ്റവും ശക്തിയേറിയ സൗരക്കൊടുങ്കാറ്റ് ഭൂമിയില്‍. ടാസ്മാനിയ മുതല്‍ ബ്രിട്ടന്‍വരെയുള്ള ആകാശത്താകും ഇതിന്‍റെ പ്രതിഫലനങ്ങളുണ്ടാകുക. സാറ്റലൈറ്റ്– വൈദ്യുതി ബന്ധം മണിക്കൂറുകളോളം തടസപ്പെടാമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി. ഇന്നലെ വൈകുന്നേരം നാല് മണിക്കാണ് സൗരക്കൊടുങ്കാറ്റ് ഭൂമിയില്‍ പതിച്ചതെന്ന് നാഷണല്‍ ഓഷ്യാനിക് ആന്‍റ് അറ്റ്മോസ്ഫിയറിക് അഡ്മിനിസ്ട്രേഷന്‍റെ കാലാവസ്ഥ പ്രവചന കേന്ദ്രം അറിയിച്ചു. 19 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇത്രയും ശക്തമായ സൗരക്കൊടുങ്കാറ്റ് വീശുന്നതെന്നും ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുന്നു.
2003 ഓക്ടോബറില്‍ വീശിയ സൗരക്കൊടുങ്കാറ്റില്‍ സ്വീഡനില്‍ വൈദ്യുതി നിലയ്ക്കുകയും ദക്ഷിണാഫ്രിക്കയിലെ പവര്‍ ഗ്രിഡുകള്‍ക്ക് സാരമായ തകരാറുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. സമാന സംഭവങ്ങള്‍ തീവ്രതയേറിയ രീതിയില്‍ ഇത്തവണയും അനുഭവപ്പെട്ടേക്കാം. വൈദ്യുതി നിലച്ചാല്‍ വെളിച്ചം കാണുന്നതിനുള്ള മാര്‍ഗങ്ങള്‍ കരുതിയിരിക്കണമെന്നും ബാറ്ററികളും ഫ്ലാഷ്ലൈറ്റുകളും , റേഡിയോയും കൈവശം വയ്ക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഹാലൊവീന്‍ സ്റ്റോം എന്നായിരുന്നു അന്നത്തെ സൗരക്കൊടുങ്കാറ്റിനെ ശാസ്ത്രലോകം വിളിച്ചത്. ഭൂമിയുടെ കാന്തികമേഖലയില്‍ സാരമായ മാറ്റങ്ങളുണ്ടായേക്കാമെന്നതിനാല്‍ വിമാനക്കമ്പനികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സൗരക്കൊടുങ്കാറ്റിനെ തുടര്‍ന്നുള്ള ആകാശ ചിത്രങ്ങള്‍ വടക്കന്‍ യൂറോപ്പില്‍ നിന്നും ഓസ്ട്രേലിയയില്‍ നിന്നുമുള്ളവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. സെക്കന്‍റില്‍ ശരാശരി 800 കിലോമീറ്റര്‍ വേഗതയിലാണ് സൗരക്കൊടുങ്കാറ്റ് സഞ്ചരിക്കുന്നത്. ഭൂമിയെക്കാള്‍ 17 മടങ്ങ് വിസ്തൃതമായ ഭീമന്‍ സൂര്യകളങ്കത്തില്‍ നിന്നാണ് സൗരക്കൊടുങ്കാറ്റ് ഉത്ഭവിക്കുന്നത്.
ഉത്തര– ദക്ഷിണ അംക്ഷാംശങ്ങളിലാകും പ്രതിഭാസം കൂടുതലായി അനുഭവപ്പെടുകയെന്ന് റീഡിങ് സര്‍വകലാശാലയിലെ ഭൗതിക ശാസ്ത്ര വിഭാഗം പ്രൊഫസര്‍ മാത്യു ഓവന്‍സ് വെളിപ്പെടുത്തി. നഗ്നനേത്രങ്ങള്‍ കൊണ്ട് തന്നെ സൗരക്കൊടുങ്കാറ്റിനെ കാണാനാകുമെന്നും എന്നാല്‍ സൂര്യഗ്രഹണം കാണാനുപയോഗിക്കുന്ന കണ്ണടകള്‍ ഉള്ളവര്‍ അത് ഉപയോഗിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വടക്കന്‍ കലിഫോര്‍ണിയയിലും അലബാമയിലും നേരിട്ട് ആകാശത്തേക്ക് നോക്കിയപ്പോള്‍ സൗരക്കൊടുങ്കാറ്റ് ദൃശ്യമായില്ലെന്നും എന്നാല്‍ ഫോണിലെ കാമറയില്‍ പതിഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Powerful Solar storm hits Earth, could disrupt communication, power grid