ഇറാഖിലെയും സിറിയയിലെയും വിമതകേന്ദ്രങ്ങള്‍ക്കുനേരെ അമേരിക്ക തിരിച്ചടി തുടങ്ങി. ഇറാന്‍ റവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുണ്ടെന്ന് കരുതുന്ന 85 ലക്ഷ്യങ്ങള്‍ക്കുനേരെ നടത്തിയ വ്യോമാക്രമണങ്ങളില്‍ കുറഞ്ഞത് 40 പേര്‍ കൊല്ലപ്പെട്ടുവെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ നിന്ന് നേരിട്ട് പറന്നെത്തിയ ലോങ് റേഞ്ച് ബി–വണ്‍ ബോംബര്‍ വിമാനങ്ങളാണ് ആക്രമണം നടത്തിയത്. അമേരിക്കന്‍ സൈനികര്‍ക്കുനേരെ ഇറാന്‍ പിന്തുണയുണ്ടെന്ന് കരുതുന്ന വിമതസേനകള്‍ നടത്തിയ ആക്രമങ്ങള്‍ക്ക് തിരിച്ചടിയായാണ് നടപടി.

 

സാധാരണക്കാരുള്‍പ്പെടെ 16 പേര്‍ യുഎസ് ബോംബിങ്ങില്‍ കൊല്ലപ്പെട്ടെന്ന് ഇറാഖ് ഭരണകൂടം അറിയിച്ചു. സിറിയയില്‍ 23 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വിമതരുടെ ആയുധസംഭരണകേന്ദ്രങ്ങളാണ് ലക്ഷ്യം വച്ചതെന്നും ലക്ഷ്യം നിറവേറ്റിയെന്നും യുഎസ് ലഫ്റ്റനന്റ് ജനറല്‍ ഡഗ്ലസ് സിംസ് പറഞ്ഞു. ബോംബിങ്ങിന് പിന്നാലെ തുടര്‍ സ്ഫോടനങ്ങള്‍ ഉണ്ടായത് ഇതിന് തെളിവാണെന്നും സിംസ് അവകാശപ്പെട്ടു. ഇത് തുടക്കം മാത്രമാണെന്നും വരുംദിവസങ്ങളില്‍ കൂടുതല്‍ സൈനികനടപടിയുണ്ടാകുമെന്നും യുഎസ് പ്രതിരോധസെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു.

 

അമേരിക്കന്‍ ആക്രമണത്തെ ഇറാനും ഇറാഖും അപലപിച്ചു. അമേരിക്ക വീണ്ടും തന്ത്രപരമായ തെറ്റുകള്‍ വരുത്തുകയാണെന്ന് ഇറാന്‍ വിദേശകാര്യ വക്താവ് നാസര്‍ കനാനി പറഞ്ഞു. അമേരിക്കന്‍ ആക്രമങ്ങളോടെ പശ്ചിമേഷ്യയിലെ സംഘര്‍ഷം കൂടുതല്‍ രൂക്ഷവും വിപുലവുമായി. ഇറാഖിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയെക്കുറിച്ചും ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

U.S. launches retaliatory strikes in Iraq, Syria; nearly 40 reported killed