ചൂടേറി ചാനല്‍ ചര്‍ച്ചയെന്നൊക്കെ കേട്ടല്ലേ ശീലമുള്ളൂ, എന്നാലത് കണ്ട് അന്തം വിട്ടിരിക്കുകയാണ് പാക്കിസ്ഥാനിലെ ജനങ്ങള്‍. മാധ്യമ പ്രവര്‍ത്തകനായ ജാവേദ് ചൗധരിയുടെ 'കല്‍ തക്' എന്ന രാഷ്ട്രീയ ചര്‍ച്ച പരിപാടിയാണ് അക്ഷരാര്‍ഥത്തില്‍ അടിപിടിയില്‍ കലാശിച്ചത്. ഇമ്രാന്‍ഖാന്‍റെ പാര്‍ട്ടിയായ പിടിഐ അനുകൂല അഭിഭാഷകന്‍ ഷേര്‍ അഫ്സല്‍ മര്‍വതും നവാസ് ഷരീഫ് പക്ഷക്കാരനായ അഫ്നാനുള്ളയും തമ്മിലാണ് ചൂടേറിയ ചര്‍ച്ചയ്ക്കൊടുവില്‍ സ്റ്റുഡിയോ ഫ്ലോറില്‍ അടിപിടിയുണ്ടായത്.
അഫ്നാനുള്ള ഖാന്‍, പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാനെതിരെ ആരോപണങ്ങളുതിര്‍ത്തതോടെ അഫ്സല്‍ മര്‍വതിന്‍റെ നിയന്ത്രണം നഷ്ടമായി. ആദ്യമൊക്കെ ശാന്തനായിരിക്കാന്‍ ശ്രമിച്ചെങ്കിലും കൈവിട്ടുപോയ മര്‍വത് വാക്കുകള്‍ കൊണ്ട് തിരിച്ചടിക്കുന്നതിന് പകരം അഫ്നാനുള്ളയുടെ തലയ്ക്കിട്ട് ഒരിടി. ശരീരം നൊന്താല്‍ പിന്നെ എന്ത് പറയാന്‍? പിന്നെ ഇടി, അടി, അടിയോടടി. സാമാന്യം മോശമല്ലാത്ത 'തല്ലുമാല' ലൈവായി നടന്നു. അവതാരകനും അണിയറ പ്രവര്‍ത്തകരും ഇരുവരെയും ശാന്തരാക്കാന്‍ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. ഒടുവില്‍ അഫ്നാനുള്ള പിന്‍മാറുകയായിരുന്നു.
സ്റ്റുഡിയോ ഫ്ലോറിലെ അടിക്ക് പിന്നാലെ രണ്ട് പേരും സ്വന്തം ഭാഗം ന്യായീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടു. കേട്ടാലറയ്ക്കുന്ന പദപ്രയോഗങ്ങള്‍ ഇമ്രാന്‍ ഖാനെതിരെ നടത്തിയതോടെയാണ് താന്‍ പ്രതികരിച്ചതെന്നായിരുന്നു മര്‍വതിന്‍റെ വാദം. എന്നാല്‍ താന്‍ അഹിംസയില്‍ വിശ്വസിക്കുന്നയാളാണെന്നും പക്ഷേ നവാസ് ഷെരീഫിന്‍റെ സൈനികന്‍ കൂടിയാണെന്നും അഫ്നാനുള്ള കുറിച്ചു.
അതേസമയം അതിഥികള്‍ ലൈവായി അടികൂടിയിട്ടും സാഹചര്യം നിയന്ത്രണത്തിലാക്കാന്‍ അവതാരകനോ ചാനല്‍ അണിയറ പ്രവര്‍ത്തകരോ ശ്രമിച്ചില്ലെന്ന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അടിപിടിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
Pakistani politicians brawl on live TV show amid heated debate
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.