
ചിത്രം: X
മുഖംമൂടിയണിഞ്ഞ് ഫ്ലാഷ്മോബ് ചുവടുകളുമായി കടകളിലേക്ക് എത്തിയ നൂറോളം യുവാക്കള്‍ നടത്തിയത് വന്‍ കൊള്ള. ചൊവ്വാഴ്ചയാണ് ഫിലദെല്‍ഫ്യ സിറ്റി സെന്ററില്‍ ആളുകളെ ഞെട്ടിച്ച കവര്‍ച്ച നടന്നതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡ്രൈവറായിരുന്ന എഡ്ഡി ഇറിസറിയുടെ കൊലപാതകത്തില്‍ ഫിലദെല്‍ഫ്യയിലെ പൊലീസ് ഓഫിസറെ വെറുതേ വിട്ടതിനെതിരെ നഗരത്തില്‍ രാവിലെ സമാധാനപരമായ പ്രതിഷേധം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഫ്ലാഷ്മോബിന് സമാനമായി യുവാക്കള്‍ കടകളിലേക്ക് എത്തിയത്. എന്നാല്‍ കവര്‍ച്ച നടത്തിയ യുവാക്കള്‍ക്ക് രാവിലത്തെ പ്രതിഷേധക്കാരുമായി ബന്ധമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
സിറ്റി സെന്ററിലെ ആപ്പിളിന്റെ സ്റ്റോറില്‍ പ്രാദേശിക സമയം എട്ടുമണിയോടെയാണ് കവര്‍ച്ചയുണ്ടായത്. ഫോണുകളും ഐപാഡുകളും കവര്‍ന്ന് ഓടുന്നതിനിടയില്‍ യുവാക്കളില്‍ ചിലരെ ജീവനക്കാര്‍ പിടികൂടി. കവര്‍ച്ചയില്‍ പങ്കാളികളായ 20 പേര് ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഒന്‍പത് സ്റ്റോറുകളാണ് യുവാക്കളുടെ അക്രമത്തെ തുടര്‍ന്ന് അടച്ച് പൂട്ടേണ്ടി വന്നത്. ഇതേത്തുടര്‍ന്ന് സിറ്റി സെന്ററിലെ സുരക്ഷ വര്‍ധിപ്പിച്ചതായി പൊലീസ് വ്യക്തമാക്കി.
Masked teenagers loot Philadelphia stores in flashmob style robbery
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.