ചിത്രം:X
കാമുകനെയും സുഹൃത്തിനെയും ബോധപൂര്‍വം കാറപകടമുണ്ടാക്കി കൊലപ്പെടുത്തിയതില്‍ യുവതിക്ക് ജീവപര്യന്തം തടവ്. അമേരിക്കയിലെ ക്ലെവ്ലന്‍ഡ് സ്വദേശി മകെന്‍സീ ഷിറിലയെയാണ് കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. 2022 ജൂലൈ 22നാണ് ഷിറില കാറപകടം സൃഷ്ടിച്ചത്. ഡൊമിനിക് റുസോയെന്ന 20കാരനും സുഹൃത്ത് ദവിയോണുമാണ് കൊലപ്പെട്ടത്.
സംഭവ ദിവസംഇരുവരുമൊത്ത് കഞ്ചാവ് വലിച്ചതിന് ശേഷം ഷിറിലയാണ് കാറോടിച്ചത്. ക്ലെവ്ലന്ഡിലെ സംഭരണശാലയുടെ മതിലിലേക്കാണ് അമിതവേഗത്തില്‍ ഷിറില കാറിടിച്ച് കയറ്റിയത്. കാര്‍ നിയന്ത്രണം വിടുന്നത് കണ്ടിട്ടും യുവതി ബ്രേക്ക് ചവിട്ടിയിട്ടുണ്ടായില്ലെന്നും പൊലീസ് കണ്ടെത്തിയിരുന്നു. മുന്‍സീറ്റിലിരുന്ന റുസോയും പിന്നിലെ സീറ്റിലിരുന്ന ഫ്ലാന്‍ഗനും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഷിറിലയെ പക്ഷേ ആക്സിലേറ്ററില്‍ കാല്‍ ചവിട്ടിയ നിലയില്‍ ബോധരഹിതയായാണ് കാണപ്പെട്ടത്. അദ്ഭുതകരമായാണ് ഷിറില അപകടത്തില്‍ നിന്നും രക്ഷപെട്ടത്.
കാമുകന്റെയും സുഹൃത്തിന്റെയും മരണത്തിന് പിന്നാലെ പന്ത്രണ്ടോളം കണ്ണീര്‍ കുറിപ്പുകളാണ് ഷിറില ആദരാഞ്ജലിയര്‍പ്പിച്ച് സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. ഇതിന് പുറമെ റുസോയുമൊത്ത് നില്‍ക്കുന്ന ചിത്രവും 'എനിക്ക് നിന്നെ മിസ് ചെയ്യുന്നുവെന്നും', എപ്പോള്‍ വേണമെങ്കിലും വാതിലില്‍ നീയെത്തുമെന്നാണ് ഞാന്‍ കരുതുന്നതെന്നും നിന്റെ സാന്നിധ്യം എനിക്ക് ചുറ്റും അനുഭവപ്പെടുന്നുവെന്നും അത് സത്യമായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണെന്നും വൈകാതെ ഞാനും നിന്റെ അടുക്കലേക്ക് വരു'മെന്നുമെല്ലാം ഷിറില കുറിച്ചിട്ടുണ്ട്.
കാമുകനെ കാറിലിരുത്തി 100 കിലോമീറ്റര്‍ വേഗതയില്‍ ഷിറില കാറോടിച്ചത് മനഃപൂര്‍വം കൊലപ്പെടുത്താനായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ വാദിച്ചു. എന്നാല്‍ കാറിന്റെ നിയന്ത്രണം വിട്ടുപോയതാണെന്നായിരുന്നു ഷിറിലയുടെ അഭിഭാഷകന്റെ വാദം. കൊലപാതകം, ബോധപൂര്‍വമുള്ള വാഹനാപകടം സൃഷ്ടിക്കല്‍, ലഹരിമരുന്ന് ഉപയോഗവും കൈവശം വയ്ക്കലും എന്നിങ്ങനെ പന്ത്രണ്ടോളം കുറ്റങ്ങളാണ് ഷിറിലയ്ക്കെതിരെ ചുമത്തിയിരുന്നത്. ഷിറില കുറ്റക്കാരിയെന്ന് കണ്ടെത്തിയ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയായിരുന്നു.15 വര്‍ഷങ്ങള്‍ക്ക് ശേഷമേ ഷിറിലയ്ക്ക് പരോള്‍ ലഭിക്കുകയുള്ളൂ.