canadafires1908

വടക്കേ അമേരിക്കന്‍ രാജ്യമായ കാനഡയിലെ കാട്ടുതീ അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തില്‍ പടിഞ്ഞാറന്‍ ബ്രിട്ടീഷ് കൊളംബിയ മേഖലകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഭരണകൂടം. വെസ്റ്റ് കെലോനയിലെ വീടുകളും കാട്ടുതീ വിഴുങ്ങിയ സാഹചര്യത്തിലാണ് പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് അറിയിപ്പു വരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, 64 ഹെക്ടറില്‍ നിന്ന് 6800 ഹെക്ടര്‍ പ്രദേശത്തേക്കാണ് കാട്ടുതീ വ്യാപിച്ചിരിക്കുന്നത്. കാട്ടുതീ തുടരുന്നതിനാല്‍ 4,800 ഓളം ആളുകളെ പ്രദേശത്തു നിന്നും ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വളരെ വിഷമം പിടിച്ച സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്നും ഭരണകൂടം പറഞ്ഞു.‌‌‌ അതേസമയം കാട്ടൂതീ മൂലമുള്ള മരണങ്ങള്‍ ഒന്നും തന്നെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

 

അതേസമയം കാനഡയിലെ വടക്കു പടിഞ്ഞാറന്‍ മേഖലയില്‍ പടരുന്ന കാട്ടുതീ കാരണം 22,000 ഓളം ആളുകളെയാണ് ഒഴിപ്പിച്ചിരിക്കുന്നത്. യെല്ലോനൈഫില്‍ നിന്നും ആളുകളെ ഒഴിപ്പിക്കാന്‍ ഭരണകൂടം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചവരെ പലായനം ചെയ്തവരുടെ കണക്കെടുത്താല്‍ 19,000 ആളുകളാണ് രണ്ടു ദിവസത്തിനിടെ യെല്ലോനൈഫ് ഉപേക്ഷിച്ച് പോയിട്ടുള്ളത്. അതേസമയം 2,600 ഓളം ആളുകള്‍ ഇപ്പോഴും പ്രദേശത്ത് തുടരുന്നുണ്ടെന്നാണ് കണക്കുകള്‍. ഇവരില്‍ തന്നെ ആയിരത്തോളം പേര്‍ രക്ഷാപ്രവര്‍ത്തകരും അവശ്യസേവന വി‌ഭാഗത്തില്‍പെടുന്നവരുമാണ്. ഒഴിപ്പിച്ച ആളുകള്‍ക്ക് അവശ്യമായ സൗകര്യങ്ങള്‍ ഉറപ്പുവരുത്താനും നിര്‍ദേശമുണ്ട്. 

 

യെല്ലോനൈഫിലെ ആളൊഴിഞ്ഞ തെരുവുകളും ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വീടുകളും കടകളും അക്ഷരാര്‍ഥത്തില്‍ ഒരു പ്രേതനഗരത്തെ ഓര്‍മിപ്പിക്കുന്നതാണ്. അതേസമയം അവശ്യ വസ്തുക്കള്‍ക്കായുള്ള കടകളും മെഡിക്കല്‍ സ്റ്റോറുകളും വെള്ളിയാഴ്ചയും തുറന്നു പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഉടന്‍തന്നെ ഇവയും അടച്ചിടും എന്നാണ് റിപ്പോര്‍ട്ടുകള്‍. അടിയന്തര ഘട്ടങ്ങളില്‍ ആളുകളെ സഹായിക്കാനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ഭരണകൂടം അറിയിച്ചു. കാട്ടുതീ പടരുന്ന പ്രദേശങ്ങളിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. നിര്‍ദേശങ്ങള്‍ ജനങ്ങള്‍ കാര്യമായെടുക്കാത്ത പക്ഷം യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ഭരണകൂടം അറിയിച്ചു. 

 

ഒരുമാസം മുന്‍പുണ്ടായ ഇടിമിന്നലില്‍ നിന്നാണ് കാട്ടുതീ ഉണ്ടായതെന്നാണ് കരുതുന്നത്. രൂക്ഷമായി തുടരുന്ന കാട്ടുതീയ്ക്ക് അടുത്ത ദിവസങ്ങളിലൊന്നും തന്നെ ശമനം ഉണ്ടാകില്ലെന്നാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

 

Canada fires; emergency declared in British Columbia