അടിയന്തരാവസ്ഥയെ രൂക്ഷമായി വിമര്‍ശിച്ചുള്ള ലേഖനത്തില്‍ വിശദീകരണവുമായി ശശി തരൂര്‍ എംപി. 1997ല്‍ എഴുതിയതാണ് ഇത്തവണയും എഴുതിയതെന്നും ഗാന്ധി കുടുംബത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും തരൂര്‍ പറഞ്ഞു. നടന്ന ചില സംഭവങ്ങളെക്കുറിച്ചും അതിൽ ഉൾപ്പെട്ട ചില വ്യക്തികളെക്കുറിച്ചും ആണ് ലേഖനത്തിൽ പരാമർശിച്ചിട്ടുള്ളതെന്നുമാണ് തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞത്.
ഓണ്‍ലൈന്‍ മാധ്യമത്തിലെ ലേഖനത്തിലാണ് ശശി തരൂര്‍ അടിയന്തരാവസ്ഥയെയും ഗാന്ധി കുടുംബത്തേയും രൂക്ഷമായി വിമര്‍ശിച്ചത്. ഇന്ദിരാഗാന്ധിയെയും സഞ്ജയ് ഗാന്ധിയെയും പേരെടുത്ത് പറഞ്ഞാണ് വിമര്‍ശനം. അടിയന്തരാവസ്ഥ നടപ്പിലാക്കണം എന്ന് നിര്‍ബന്ധം പിടിച്ചത് ഇന്ദിരാഗാന്ധിയാണ്. രാജ്യത്ത് അച്ചടക്കം കൊണ്ടുവരാനും ബാഹ്യ ഭീഷണി നേരിടാനും അടിയന്തരാവസ്ഥ കൂടിയേ തീരുവെന്ന് നിലപാടെടുത്തു. പാവപ്പെട്ടവര്‍ക്കുനേരെ കൊടും ക്രൂരതയാണ് സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്നത്. കുടുംബാസൂത്രണത്തെ നിര്‍ബന്ധിത വന്ധ്യംകരണമായും നഗരവല്‍ക്കരണത്തെ ചേരികള്‍ ഇടിച്ചുനിരത്താനുള്ള മാര്‍ഗമായും മാറ്റി. പുതിയ കാലത്തും അടിയന്തരാവസ്ഥയുടെ ഓര്‍മകള്‍ പ്രസക്തമാണ് എന്നുപറഞ്ഞുകൊണ്ടാണ് തരൂര്‍ ലേഖനം അവസാനിപ്പിക്കുന്നത്.
ദേശിയ സുരക്ഷാ വിഷയങ്ങളില്‍ പാര്‍ട്ടി നിലപാടില്‍ നിന്നും മാറി സഞ്ചരിക്കുന്നതിനെയും തരൂര്‍ ന്യായീകരിച്ചു. ആദ്യം രാജ്യമാണെന്നും പിന്നെയാണ് പാർട്ടിയെന്നുമാണ് തരൂര്‍ പറഞ്ഞത്. 'ദേശീയ സുരക്ഷയുടെ കാര്യത്തിൽ ചിലപ്പോൾ മറ്റ് പാർട്ടികളുമായും സഹകരിക്കേണ്ടി വരും. ഇത് സ്വന്തം പാർട്ടിയോടുള്ള വിധേയത്വം ഇല്ലായ്മയായി വ്യാഖ്യാനിക്കപ്പെട്ടേക്കാം. തനിക്ക് എപ്പോഴും രാജ്യം തന്നെയാണ് പ്രധാനം. മെച്ചപ്പെട്ട ഇന്ത്യ സൃഷ്ടിക്കലാണ് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ലക്ഷ്യം' എന്നാണ് തരൂരിന്‍റെ വാക്കുകള്‍.
പലരും തന്നെ വിമർശിക്കുന്നുണ്ട്. പക്ഷേ താൻ ചെയ്തത് രാജ്യത്തിനു വേണ്ടിയുള്ള ശരിയായ കാര്യം. എല്ലാ ഇന്ത്യക്കാർക്കും വേണ്ടിയാണ് താൻ സംസാരിച്ചതെന്നും തന്‍റെ പാർട്ടിക്കാർക്കു വേണ്ടി മാത്രമല്ലെന്നും തരൂര്‍ പറഞ്ഞു.