സാങ്കൽപ്പിക ലോകങ്ങളിൽ നിന്നുള്ള സൂപ്പർഹീറോകളെ പലപ്പോഴും കുട്ടികൾ അനുകരിക്കാൻ ശ്രമിക്കുന്നത് പതിവാണ്. എന്നാൽ ഇത്തരം അനുകരണങ്ങൾ ചിലപ്പോഴെങ്കിലും വൻ ദുരന്തങ്ങൾക്ക് കാരണമായേക്കാം. അത്തരത്തിൽ സ്പൈഡർമാൻ ആകാൻ ശ്രമിച്ച എട്ടുവയസുകാരനാണ് കടുത്ത വിഷമുള്ള ചിലന്തിയുടെ കടിയേറ്റത്. ബൊളീവിയയിലാണ് സംഭവം.
ബ്ലാക്ക് വിഡോ സ്പൈഡർ ഇനത്തിൽപ്പെട്ട ചിലന്തിയുടെ കടിയേറ്റ കുട്ടി ആശുപത്രിയിലാണ്. ബൊളീവിയയിലെ തന്റെ വീടിനോട് ചേർന്നുള്ള നദിക്ക് സമീപം ഒരു കല്ലിനടിയിൽ പതിയിരിക്കുന്ന അപകടകാരിയായ ചിലന്തിയുടെ അടുത്തേക്ക് കുട്ടി പോവുകയായിരുന്നു. സ്പൈഡർമാനെപ്പോലെ അമാനുഷിക ശക്തി നേടാനാകുമെന്ന വിശ്വാസത്തിൽ ചിലന്തിയെ കൈപത്തിയുടെ പുറകിൽ വച്ച് കടിപ്പിച്ചു. ശക്തമായ വിഷത്തിന് പേരുകേട്ടതാണ് ബ്ലാക്ക് വിഡോ സ്പൈഡർ. റാറ്റിൽസ്നേക്ക് വിഷത്തേക്കാൾ 15 മടങ്ങ് വീര്യമുള്ള ഒരു വിഷവസ്തുവാണ് ഇതിന്റെ ശരീരത്തിലുള്ളത്. ഈ വിഷത്തിൽ അടങ്ങിയിരിക്കുന്ന ആൽഫ-ലാട്രോടോക്സിൻ എന്ന രാസവസ്തു കാരണം കഠിനമായ വേദനയുണ്ടാവുകയും നാഡീകോശങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യും. സംഭവം നടന്ന് ഏകദേശം മൂന്ന് മണിക്കൂറിന് ശേഷം കഠിനമായ ശരീരവേദനയും പേശികളുടെ സങ്കോചവും അനുഭവപ്പെടാൻ തുടങ്ങിയതോടെയാണ് കുട്ടി ചിലന്തിയുടെ കടിയേറ്റ കാര്യം അമ്മയോട് തുറന്നു പറഞ്ഞത്. അടിയന്തിര വൈദ്യസഹായത്തിനായി അമ്മ അവനെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുട്ടി സുഖം പ്രാപിച്ചുവരികയാണെന്ന് ഡോക്ടർമാർ അറിയിച്ചു.