നിര്‍ജലീകരണം അനുഭവപ്പെട്ടപ്പോള്‍ ഇരുപത് മിനിറ്റിനിടെ രണ്ടു ലിറ്റര്‍ വെള്ളം കുടിച്ച 35കാരിക്ക് ദാരുണാന്ത്യം. യുഎസിലെ ഇന്ത്യാനയിലാണ് സംഭവം. ജലവിഷാംശമാണ് മരണത്തിനു കാരണം. ഇന്ത്യാന സ്വദേശിയായ ആഷ്‌ലി സമ്മേഴ്സ് കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെ കഴിഞ്ഞ മാസമാണ് സംഭവമുണ്ടായത്. കടുത്ത ചൂടും അസ്വസ്ഥതകളും കാരണമാണ് ആഷ്‌ലി കൂടുതല്‍ വെള്ളം കുടിച്ചത്.
എന്നാല്‍ ഇരുപത് മിനിറ്റിനിടെ രണ്ടു ലിറ്ററോളം വെള്ളം അകത്തെത്തിയപ്പോള്‍ അസ്വസ്ഥതകള്‍ കൂടി. രക്തത്തിലെ സോഡിയത്തിന്റെ അളവ് നന്നേ കുറഞ്ഞുപോകുന്ന അവസ്ഥയായ ഹൈപ്പോനട്രീമിയയാണ് ആഷ്‌ലിയെ മരണത്തിലേക്ക് നയിച്ചതെന്ന് ഡോക്ടര്‍മാര്‍ കുടുംബത്തെ അറിയിച്ചു. അപൂർവമാണെങ്കിലും, ജലത്തിന്റെ വിഷാംശം മാരകമായേക്കാം. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ വെള്ളം കുടിക്കുമ്പോഴോ അല്ലെങ്കിൽ ആരോഗ്യപരമായ അവസ്ഥകൾ കാരണം വൃക്കകൾ വളരെയധികം വെള്ളം നിലനിർത്തുമ്പോഴോ ഇത് സംഭവിക്കുന്നു.പേശിവലിവ്, വേദന, ഓക്കാനം, തലവേദന എന്നീ അവസ്ഥകളാണ് പൊതുവെ ജലവിഷബാധയുടെ ലക്ഷണങ്ങള്‍. ശരീരത്തില്‍ വെള്ളത്തിന്റെ അളവ് കൂടുകയും സോഡിയത്തിന്റെ അളവ് കുറയുകയും ചെയ്യുന്നത് മരണത്തിനു കാരണമായേക്കാമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.