ചിത്രം: AFP

ചിത്രം: AFP

ഭൂമിയില്‍ അന്യഗ്രഹ ജീവികള്‍ സന്ദര്‍ശനത്തിനെത്താറുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് ബലം പകര്‍ന്ന് യുഎസിലെ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. സര്‍ക്കാരിന്റെ കസ്റ്റഡിയില്‍ യുഎഫ്ഒ (അന്യഗ്രഹ പേടകം)യും മനുഷ്യരല്ലാത്ത ചില ജീവികളുമുണ്ടെന്നായിരുന്നു ഡേവിഡ് ഗ്രഷിന്റെ വെളിപ്പെടുത്തല്‍. ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റിക്ക് മുന്നിലാണ് ഗ്രഷ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. അന്യഗ്രഹ പേടകത്തിന് യുഎസ് സര്‍ക്കാര്‍ അഭയം നല്‍കിയിരുന്നുവെന്ന് ജൂണില്‍ നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഗ്രഷിനെ കമ്മിറ്റി വിശദീകരണം നല്‍കുന്നതിനായി വിളിപ്പിച്ചത്. 

 

തകര്‍ന്ന പേടകത്തിലെ പൈലറ്റുമാരെ കുറിച്ചുള്ള ചോദ്യത്തിന് അവര്‍ പരുക്കുകളോടെ രക്ഷപെട്ടുവെന്നാണ് സംഭവത്തെ കുറിച്ച് നേരിട്ടറിവുള്ളവര്‍ തനിക്ക് നല്‍കിയ വിശദീകരണമെന്നും ഗ്രഷ് വ്യക്തമാക്കി. ഭൂമിയിലുണ്ടാകുന്ന അസാധാരണമായ പ്രതിഭാസങ്ങളെ വിലയിരുത്തുന്നതിനായി യുഎസ് പ്രതിരോധ വകുപ്പിന് കീഴിയുള്ള സംഘത്തിന്റെ തലവനായിരുന്നു 2023 വരെ ഗ്രഷ്. അന്യഗ്രഹ ജീവികളെ കുറിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ സഭയില്‍ നിന്നും മറച്ച് വയ്ക്കുന്നുവെന്ന് ഇദ്ദേഹം ആരോപണം ഉന്നയിച്ചു. തുടര്‍ന്ന് ഗ്രഷിന്റെ ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയമിക്കേണ്ടി വന്നു. അന്യഗ്രഹജീവികള്‍ സര്‍ക്കാരിന്റെ കൈവശമുണ്ടെന്ന വാദത്തില്‍ ഗ്രഷ് ഉറച്ച് നിന്നുവെങ്കിലും താന്‍ നേരിട്ട് കണ്ടിട്ടില്ലെന്നും, സര്‍ക്കാരിന്റെ കൈവശമുള്ളതായി പറയപ്പെടുന്ന പേടകവും കണ്ടിട്ടില്ലെന്നും ഗ്രഷ് പറയുന്നു. ഉന്നതതല രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി നടത്തിയ സംഭാഷണങ്ങളില്‍ നിന്നാണ് താന്‍ ഇതേക്കുറിച്ച് അറിഞ്ഞതെന്നും ഗ്രഷ് അവകാശപ്പെടുന്നു.

ഗ്രഷിന്റെ വാദം പക്ഷേ യുഎസ് സര്‍ക്കാര്‍ നിഷേധിച്ചു. മുന്‍പോ ഇപ്പോഴോ, യുഎസ് സര്‍ക്കാരിന്റെ കൈവശം അന്യഗ്രഹ പേടകങ്ങളോ, അന്യഗ്രഹ ജീവികളോ ഇല്ലെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നുമായിരുന്നു പ്രതിരോധ വകുപ്പിന്റെ വിശദീകരണം.

 

UFOs, 'non-human' bodies in government's possession claims ex-US official