ചിത്രം: Reuters

അച്ചടക്ക നടപടി നേരിടുന്നതിനിടെ അതിര്‍ത്തിഗ്രാമം കാണാന്‍ പോയ അമേരിക്കന്‍ സൈനികന്‍ ഉത്തരകൊറിയയുടെ തടങ്കലില്‍‍. ട്രവിസ് കിങെന്ന സൈനികനാണ് അതിര്‍ത്തിഗ്രാമമായ പന്‍മുന്‍ജോങ്  സന്ദര്‍ശിക്കുന്നതിനിടയില്‍ ഉത്തരകൊറിയയിലേക്ക് കടന്നത്. 2021ലാണ് ട്രവിസ് യുഎസ് സൈന്യത്തില്‍ ചേര്‍ന്നത്. ഇയാളുടെ മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും കുടുംബാംഗങ്ങളുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. നാട്ടുകാര്‍ക്കൊപ്പം സൈനികമുക്ത മേഖലയിലെ ഗ്രാമം കാണാന്‍ പോയ സൈനികന്‍ അതിര്‍ത്തി കടന്നത് എന്തിനാണെന്ന് അറിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഉത്തരകൊറിയയുമായുള്ള നയതന്ത്രബന്ധം വഷളായിരിക്കുന്ന സാഹചര്യത്തില്‍ അവിടേക്ക് പോകരുതെന്ന് കര്‍ശന നിര്‍ദേശം യുഎസ് പൗരന്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്.

 

അനധികൃതമായാണ് ട്രവിസ് ഉത്തരകൊറിയയിലേക്ക് കടന്നതെന്നും അതുകൊണ്ട് ഇടപെടുന്നതിന് പരിമിതിയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. യുഎസ് സൈനികനെ തടവിലാക്കിയതിന് പിന്നാലെ ഉത്തരകൊറിയ രണ്ട് ബലിസ്റ്റിക് മിസൈലുകളും കടലിലേക്ക് തൊടുത്തു. മിസൈല്‍ തൊടുത്തുവെന്നത് ദക്ഷിണ കൊറിയന്‍ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇയാള്‍ സൈന്യത്തിന്റെ പിടിയിലാണെന്നുള്ളതിനോ മടങ്ങി വരുമെന്നുള്ളതിനോ യാതൊരു തെളിവും ഇല്ലെന്നും വാദമുണ്ട്. 

 

ചിരിച്ചുല്ലസിച്ചാണ് ട്രവിസ് അതിര്‍ത്തിക്കപ്പുറത്തെ കെട്ടിങ്ങളിലേക്ക് ഓടിക്കയറിയതെന്നും തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് നോക്കി നിന്നിട്ടും കാണാതായതോടെയാണ് സംഭവത്തിന്റെ ഗൗരവം മനസിലായതെന്നും നാട്ടുകാരിലൊരാള്‍ അന്താരാഷ്ട്രമാധ്യമത്തോട് വെളിപ്പെടുത്തി. ട്രവിസിനെ മോചിപ്പിക്കാന്‍ ഉത്തരകൊറിയയുമായി ഐക്യരാഷ്ട്ര സംഘടന ബന്ധപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. 

 

ലോകത്തിലെ തന്നെ അതീവ സുരക്ഷാപ്രദേശങ്ങളിലൊന്നാണ് രണ്ട് കൊറിയകളെയും വേര്‍തിരിക്കുന്ന സൈനിക മുക്തമേഖല. പ്രദേശം നിലവില്‍ ഐക്യരാഷ്ട്ര സംഘടനയുടെ നിയന്ത്രണത്തിലാണുള്ളത്. വൈദ്യുതവേലികളും കുഴിബോംബുകളും നിറഞ്ഞ പ്രദേശം 24 മണിക്കൂറും ക്യാമറകളുടെയും സൈന്യത്തിന്റെയും നിരീക്ഷണത്തിലുമാണ്.

 

2017ലാണ് ഇതിന് മുന്‍പ് ഒരു സൈനികന്‍ ഉത്തരകൊറിയയുടെ പിടിയിലാകുന്നത്. വാഹനമോടിച്ചെത്തിയ സൈനികന്‍ അതിര്‍ത്തിയിലെത്തിയതും വാഹനം ഉപേക്ഷിച്ച് ഓടുകയായിരുന്നു. 40 വെടിയുണ്ടകളാണ് ഇയാളുടെ ശരീരത്തില്‍ നിന്നും നീക്കം ചെയ്തത്. അദ്ഭുതകരമായി ഇയാള്‍ രക്ഷപെടുകയായിരുന്നു. 

 

US soldier held by North Korea after crossing border