collegemeryland-04

ക്ലാസ്മുറിയില്‍ വച്ച് വിദ്യാര്‍ഥിനികളെ വസ്ത്രം അഴിക്കാന്‍ നിര്‍ബന്ധിച്ചെന്ന പരാതിയില്‍ പ്രൊഫസറെ പുറത്താക്കി യുഎസിലെ കോളജ്. മെറിലാന്‍ഡിലെ മോണ്ട്ഗോമെറി കോളജില്‍ 2019 ലുണ്ടായ സംഭവത്തിലാണ് അന്വേഷണ വിധേയമായി നടപടി. 11 വിദ്യാര്‍ഥിനികള്‍ക്കാണ് അധ്യാപകനില്‍ നിന്ന് ദുരനുഭവം നേരിടേണ്ടി വന്നത്. ക്ലാസില്‍ പഠിപ്പിക്കുന്നതിനിടെയാണ് 'പാഠഭാഗമെന്ന' നിലയില്‍ ഷര്‍ട്ടഴിക്കാന്‍ ആവശ്യപ്പെട്ടത്. ഷര്‍ട്ടഴിച്ച വിദ്യാര്‍ഥിനികളുടെ ശരീരത്തെ കുറിച്ച് അശ്ലീല പരാമര്‍ശങ്ങളും അധ്യാപകന്‍ നടത്തി. 

 

ദുരനുഭവം നേരിട്ടവരിലൊരു പെണ്‍കുട്ടിക്ക് ഇതേത്തുടര്‍ന്നുണ്ടായ മാനസിക ബുദ്ധിമുട്ടുകളാല്‍ പഠനം പൂര്‍ത്തിയാക്കാനായില്ല. ഈ വിദ്യാര്‍ഥിനിക്ക് പുനഃപ്രവേശനം നല്‍കാനും ചിലവുകള്‍ കോളജ് വഹിക്കാനും തീരുമാനിച്ചു. മെഡിക്കല്‍ അസസ്മെന്റിന്റെ ഭാഗമായാണ് ഷര്‍ട്ടഴിക്കാന്‍ ആവശ്യപ്പെട്ടതെന്നായിരുന്നു അധ്യാപകന്റെ വാദം. എന്നാല്‍ പ്രസ്തുത പാഠഭാഗം പഠിക്കുന്നതിനായി  വസ്ത്രം അഴിക്കേണ്ടതിന്റെയോ അനാവശ്യമായ വിവരണത്തിന്റെയോ കാര്യമുണ്ടായിരുന്നില്ലെന്ന് അന്വേഷണ സമിതി കണ്ടെത്തി. ഇതേത്തുടര്‍ന്ന് അധ്യാപകനോട് ആദ്യം അവധിയില്‍ പോകാന്‍ കോളജ് ആവശ്യപ്പെട്ടു. അന്വേഷണം പൂര്‍ത്തിയായ മുറയ്ക്ക് ഇയാളെ പുറത്താക്കുകയുമായിരുന്നു. 

 

അതേസമയം, അധ്യാപകന്റെ പേര് വിവരങ്ങള്‍ പുറത്തുവിടുന്നതിനോ, സംഭവം പൊലീസില്‍ അറിയിച്ചോ എന്ന് വ്യക്തമാക്കുന്നതിനോ കോളജ് അധികൃതര്‍ തയ്യാറായിട്ടില്ല. അധ്യാപകനെതിരെ നടപടി സ്വീകരിച്ച വിവരം അന്ന് ദുരനുഭവം നേരിട്ട എല്ലാ വിദ്യാര്‍ഥിനികളെയും അറിയിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. 

 

College professor in US fired for asking 11 female students to remove shirts in class