ചിത്രം: BBC

ടൈറ്റന്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായ ഷെഹ്സദ ഒരു കുട്ടിയെപ്പോലെ ആവേശഭരിതനായിരുന്നുവെന്ന് ഭാര്യ ക്രിസ്റ്റീന്‍. മകനുമൊത്ത് ടൈറ്റാനികിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പോകുന്ന യാത്രയുടെ എല്ലാ സന്തോഷവും അദ്ദേഹത്തിനുണ്ടായിരുന്നു. കെട്ടിപ്പിടിച്ച്, തമാശ പറഞ്ഞാണ് താന്‍ അവരെ യാത്രയാക്കിയതെന്നും ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ക്രിസ്റ്റീന്‍ പറഞ്ഞു. ആഴക്കടലിലേക്ക് പോയ ടൈറ്റന്‍ സംഘത്തെ പ്രതീക്ഷിച്ച് പോളാര്‍ പ്രിന്‍സെന്ന മദര്‍ഷിപ്പിലാണ് ക്രിസ്റ്റീനും മകള്‍ അലീനയും കഴിഞ്ഞത്. പക്ഷേ നിര്‍ണായകമായ 96 മണിക്കൂര്‍ നേരത്തും വിവരം ലഭിക്കാതായതോടെ തന്റെ പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. 

 

ജീവിതത്തിലെ ഏറ്റവും മോശം വാര്‍ത്ത എപ്പോള്‍ വേണമെങ്കിലും തേടിയെത്താമെന്ന് കരയിലുണ്ടായിരുന്ന ബന്ധുക്കള്‍ക്ക് താന്‍ സന്ദേശമയച്ചിരുന്നുവെന്ന് ക്രിസ്റ്റീന്‍ പറയുന്നു. നിമിഷങ്ങള്‍ കഴിയുംതോറും അത്തരമൊരു വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ മനസിനെ പാകപ്പെടുത്തി. പക്ഷേ മകള്‍ക്ക് അച്ഛനും സഹോദരനും തിരികെയെത്തുമെന്ന വലിയ പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ വിളിച്ച് ടൈറ്റന്റെ അവശിഷ്ടങ്ങള്‍ കിട്ടിയെന്ന് പറഞ്ഞപ്പോള്‍ മാത്രമാണ് മകള്‍ ദുരന്തവാര്‍ത്ത വിശ്വസിച്ചതെന്നും അവര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. പേടകത്തിലുള്ളവരെല്ലാം മരിച്ചെന്ന് ഉറപ്പാക്കിയതോടെ ക്രിസ്റ്റീന്‍ മകള്‍ അലീനയുമൊത്ത് തിരികെ മടങ്ങി. 

 

ജൂണ്‍ 18 ന് യാത്ര ആരംഭിച്ച് അല്‍പസമയത്തിനുള്ളില്‍ തന്നെ ടൈറ്റനുമായുള്ള ആശയവിനിമയം പോളാര്‍ പ്രിന്‍സിന് നഷ്ടപ്പെട്ടിരുന്നു. സമുദ്രാര്‍ഭാഗത്തേക്ക് കടന്നതിന് പിന്നാലെ മര്‍ദം താങ്ങാനാവാതെ ടൈറ്റന്‍ പൊട്ടിത്തകരുകയായിരുന്നു. ഷെഹ്സദയും മകന്‍ സുലൈമാനുമുള്‍പ്പടെ അഞ്ചുപേരാണ് ടൈറ്റനിലുണ്ടായിരുന്നത്. 

 

'I lost hope when we passed the 96 hours mark ' says pak billionnaire's wife