titan-missing

അറ്റ്ലാന്റികില്‍ തകര്‍ന്ന ടൈറ്റന്‍ സമുദ്ര പേടകത്തില്‍ കയറുന്നതില്‍ നിന്ന് അവസാന നിമിഷം താനും 20കാരനായ മകനും പിന്‍മാറുകയായിരുന്നുവെന്ന് വെളിപ്പെടുത്തി യുഎസ് വ്യവസായി ജേ ബ്ലൂം. തനിക്കും മകനും പകരം പാക് പൗരന്‍മാരായ ഷഹ്സദയും സുലൈമാന്‍ ദാവൂദും കയറുകയായിരുന്നുവെന്നും അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഒരു വര്‍ഷത്തോളമെടുത്താണ് ടൈറ്റന്‍ സിഇഒ ആയിരുന്ന സ്റ്റോക്ടന്‍ റഷ് തന്നെ യാത്രയ്ക്കായി പ്രേരിപ്പിച്ചെതന്നും ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സാധ്യമാകുന്ന ആ അതിശയക്കാഴ്ച കാണുന്നതിനായി താന്‍ മാനസികമായി തയ്യാറെടുത്തിരുന്നുവെന്നും ബ്ലൂം അഭിമുഖത്തില്‍ പറയുന്നു. സുരക്ഷയെ കുറിച്ചുള്ള ആശങ്ക വര്‍ധിച്ചതോടെ ഒഴിവാക്കാനാവാത്ത തിരക്കുണ്ടെന്ന് ചൂണ്ടിക്കാട്ടി പിന്‍മാറുകയായിരുന്നുവെന്നും ബ്ലൂം വ്യക്തമാക്കുന്നു. 

 

അപകടത്തില്‍ മരിച്ച പാക് പൗരന്റെയും മകന്റെയും ചിത്രങ്ങള്‍ കാണുമ്പോള്‍ താനും തന്റെ മകന്‍ സിയനുമാകേണ്ടിയിരുന്നുവല്ലോയെന്നും ദൈവത്തിന്റെ കാരുണ്യമാണ് ജീവനെന്നും ഓര്‍ക്കുമെന്നും ബ്ലൂം കൂട്ടിച്ചേര്‍ത്തു. ടൈറ്റന്റെ സുരക്ഷയില്‍ താന്‍ ആശങ്ക അറിയിച്ചിരുന്നുവെന്നും വിഡിയോ ഗെയിമിന്റെ ജോയ്സ്റ്റിക് ഉപയോഗിച്ച് പേടകം നിയന്ത്രിക്കുന്നതിലെ അപകടം ചൂണ്ടിക്കാട്ടിയിരുന്നുവെന്നും സ്വന്തമായി ഹെലികോപ്ടറുള്ള ബ്ലൂം വെളിപ്പെടുത്തി. അടിയന്തരഘട്ടത്തില്‍ പോലും അകത്ത് നിന്ന് തുറക്കാനാവില്ലെന്നതും തന്നെ ആശങ്കപ്പെടുത്തിയിരുന്നുവെന്നും യാത്രയെ കുറിച്ച് കൂടുതല്‍ പഠിക്കുംതോറും പിന്‍മാറാനുള്ള തോന്നല്‍ വര്‍ധിച്ചുവെന്നും ബ്ലൂം കൂട്ടിച്ചേര്‍ത്തു. 2018 മുതല്‍ തന്നെ ടൈറ്റന്റെ രൂപത്തെയും സുരക്ഷയെയും കുറിച്ച് കടുത്ത ആശങ്കകള്‍ നിലനിന്നിരുന്നുവെന്നും പക്ഷേ ദൗത്യത്തില്‍ വിജയിക്കാമെന്ന റഷിന്റെ ആത്മവിശ്വാസം അച‍ഞ്ചലമായിരുന്നുവെന്നും ബ്ലൂം ഓര്‍ത്തെടുത്തു. 

 

ടൈറ്റന്റെ സുരക്ഷയെ കുറിച്ച് പാക് വ്യവസായിയുടെ മകനായ സുലൈമാനും ആശങ്കയുണ്ടായിരുന്നു. സാഹസികപ്രിയനായ പിതാവിനെ സന്തോഷിപ്പിക്കുന്നതിനായാണ് 19കാരനായ സുലൈമാന്‍ യാത്ര പോയതെന്ന് മാതൃസഹോദരി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.