TAGS

തെക്കൻ ഈജിപ്തിലെ പ്രാചീന നഗരമായ അബിഡോസിൽ സ്ഥിതി ചെയ്യുന്ന റാംസീസ് രണ്ടാമൻ ഫറവോയുടെ ആരാധനാലയത്തിൽ 2000 ആൺ ചെമ്മരിയാടുകളുടെ തലകൾ മമ്മിരൂപത്തിൽ കണ്ടെത്തി. ഇവ നേർച്ച നൽകിയതാണെന്നാണു ഗവേഷകരുടെ അനുമാനം. 1279 മുതൽ 1213 ബിസി വരെ ഈജിപ്തിൽ അധികാരത്തിലിരുന്ന ഫറവോയാണ് റാംസീസ് രണ്ടാമൻ. പാതാളലോകത്തിന്റെ ദേവനായ ഒസിരിസിനായാണ് ഫറവോ ഈ ആരാധനാലയം നിർമിച്ചത്. ചെമ്മരിയാട്ടിൻ തലകൾക്കൊപ്പം നായകൾ, ആടുകൾ, പശുക്കൾ, മാനുകൾ, കീരികൾ തുടങ്ങിയവയുടെ മമ്മിരൂപങ്ങളും കണ്ടെടുത്തു. ബിസി 30 കാലഘട്ടം വരെ അധികാരത്തിലിരുന്ന ടോളമി രാജവംശത്തിന്റെ കാലത്താണ് ഇവ ആരാധനാലയത്തിൽ അടക്കം ചെയ്തതെന്നു കരുതുന്നു. ഈജിപ്ത് തലസ്ഥാനമായ കയ്റോയിൽനിന്ന് 435 കിലോമീറ്റർ അകലെയാണ് അബിഡോസ്. ഈജിപ്തിന്റെ പത്തൊൻപതാം രാജവംശത്തിലെ ഏറ്റവും പ്രശസ്തനായ രാജാവാണ് റാംസെസ് രണ്ടാമൻ.

 

റാംസെസിന്റെ കല്ലറ കുടികൊള്ളുന്ന കെട്ടിടമായ റാമീസിയം വാസ്തുശിൽപകലയിലെ ഒരദ്ഭുതമാണ്. പതിനായിരക്കണക്കിന് പാപ്പിറസ് ചുരുളുകൾ സ്ഥിതി ചെയ്യുന്ന ഒരു ലൈബ്രറിയുൾപ്പെടെ ഇതിലുണ്ടായിരുന്നു. 96ാം വയസ്സിലാണ് റാംസെസ് അന്തരിച്ചത്. ഇദ്ദേഹത്തിന്റെ മമ്മി റാമീസിയത്തിലാണ് ആദ്യം സ്ഥാപിച്ചതെങ്കിലും കൊള്ളക്കാരിൽ നിന്നു രക്ഷിക്കാനായി ഈജിപ്ഷ്യൻ പുരോഹിതൻമാർ ഏതോ അജ്ഞാത കേന്ദ്രത്തിലേക്ക് പൗരാണിക കാലത്തു തന്നെ മാറ്റിയിരുന്നു. ഒട്ടേറെ പര്യവേക്ഷണങ്ങൾക്കു ശേഷം 1881ലാണു മമ്മി വീണ്ടും കണ്ടെത്തിയത്.

Archaeologists found 2000 mummified sheep heads