സഭയുടെ വിശ്വാസപ്രമാണങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത യാഥാസ്ഥിതികന്‍. 21ാം നൂറ്റാണ്ടിലേക്ക് സഭയെ നയിക്കാന്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്്ക്കൊപ്പം പ്രവര്‍ത്തിച്ച ധിഷണാശാലി. പ്രതീക്ഷകളുടെയും വെല്ലുവിളികളുടെയും കഠിനപാതകളിലേക്കാണ് 21ാം നൂറ്റാണ്ടിന്റെ ഇടയനായി കര്‍ദിനാള്‍ ജോസഫ് റാറ്റ്സിങ്ങര്‍ പത്രോസിന്റെ പിന്‍ഗാമിയായത്
മനുഷ്യത്വം പിച്ചിച്ചീന്തപ്പെട്ട ആസുരകാലം കണ്‍മുന്നില്‍ക്കണ്ടാണ് ജോസഫ് റാറ്റ്സിങര്‍ എന്ന ജര്‍മന്‍ കൗമാരക്കാരന്‍ തിരുത്തപ്പെടേണ്ട ഒരു ലോകത്തെക്കുറിച്ച് ആദ്യമായി ചിന്തിച്ചത്. ഹിറ്റ്‌ലറുടെ നാസി യൂത്ത് ബ്രിഗേഡില്‍ മനുഷ്യനെ കൊന്നുതള്ളാന്‍ മനസില്ലാതെ തിരനിറയ്ക്കാത്ത തോക്കുമായി നിര്‍ബന്ധിത സേവനം ചെയ്യേണ്ടിവന്ന കൗമാരക്കാരന്‍. തടവറകളിലും കൊലനിലങ്ങളിലുമായി അന്ന് ഉയര്‍ന്നുകേട്ട മനുഷ്യരോദനത്തിന് സമര്‍പ്പണം കൊണ്ട് ഉത്തരമേകി. 1951 ല്‍ വൈദികനായി. ദൈവശാസ്ത്രമായിരുന്നു പഠനമേഖല. അതില്‍ തന്റെ കാലത്തിന്റെ മുഖമായി. പുതിയ ചിന്തയുടെ വെളിച്ചംകൊണ്ട് ദൈവശാസ്ത്രത്തെ നവീകരിക്കുക മാത്രമായിരുന്നില്ല, സഭയുടെ കെട്ടുറപ്പും തീക്ഷ്ണവിശ്വാസവും സംരക്ഷിക്കുന്നത് കൂടിയായിരുന്നു അദ്ദേഹത്തിന്റെ പഠനങ്ങള്‍. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ അദ്ദേഹം ഉയര്‍ത്തിയ വിമോചനത്തിന്റെ, തിരിച്ചുപോക്കാന്റെ വിളി സഭ ശ്രദ്ധിച്ചു. 1977ൽ കർദിനാളായി. 1980 മുതല്‍ മുന്‍ഗാമിയായ ജോണ്‍പോള്‍ രണ്ടാമന്‍ രാജ്യാന്തര സിനഡുകളില്‍ വായിച്ചത് കര്‍ദിനാള്‍ റാറ്റ്സിങര്‍ തയാറാക്കിയ റിപ്പോര്‍ട്ടുകളായിരുന്നു. 23 വർഷം വിശ്വാസസത്യങ്ങൾക്കായുള്ള വത്തിക്കാൻ സംഘത്തിന്റെ തലവനും 2002 മുതൽ കർദിനാൾ തിരുസംഘം ഡീനുമായിരുന്നു. 2005 ഏപ്രിൽ 19നു െബനഡിക്ട് പതിനാറാമന്‍ എന്ന പേരില്‍ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. സഭാകാര്യങ്ങളിൽ പഴമയുടെ വക്‌താവായിരുന്നു അദ്ദേഹം. ദൈവബോധവും മൂല്യബോധവും ഇല്ലാത്ത സാങ്കേതിക പുരോഗതി ലോകത്തിനു ഭീഷണിയാണെന്ന് അഭിപ്രായപ്പെട്ടപ്പോഴും കാലത്തിന് മുഖം തിരിഞ്ഞില്ല. യുവാക്കളെ ആകര്‍ഷിക്കാന്‍ ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങി, പുരോഗമന ആശയങ്ങളും സ്വീകരിച്ചു. വൈദികരുടെ ലൈംഗിക പീഡനങ്ങൾക്ക് ഇരയായവരോടു ലോകത്തിന്റെ പലകോണുകളിലിരുന്ന് കണ്ണീരൊഴുക്കി മാപ്പു ചോദിച്ചു. തന്റെ സഭാഭരണകാലത്ത് ആയിരത്തോളം വൈദികരെയാണ് അദ്ദേഹം ഇതിന്റെ പേരില്‍ പുറത്താക്കിയത്. വിവാഹം, പ്രത്യുല്‍പാദനം എന്നിവയില്‍ സഭയുടെ പാരമ്പര്യമൂല്യങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടുകയാണ് അദ്ദേഹം ചെയ്തത്. കൃത്രിമ ഗർഭധാരണ മാർഗങ്ങളെ തുറന്നെതിര്‍ത്തതും സഭാമൂല്യങ്ങളുടെ അടിത്തറയില്‍ തന്നെ. സ്‌ത്രീകൾ വൈദികരാകുന്നതിനും ഗർഭഛിദ്രത്തിനും വിവാഹേതര ബന്ധങ്ങൾക്കുമെതിരെ കര്‍ശനമായിരുന്നു നയം. മതങ്ങളുടെ സമന്വയ വഴിയിലും അദ്ദേഹത്തെ കണ്ടു, ഒരുപാടുതവണ. വിശ്വാസത്തെയും വിശ്വാസികളെയും വീണ്ടെടുക്കേണ്ട വെല്ലുവിളിയായിരുന്നു ബെനഡിക്ട് പതിനാറാമാന്‍ നേരിട്ടത്. മറികടക്കേണ്ട മഹാസമുദ്രങ്ങളിലെല്ലാം ദൈവം ദിശകാട്ടുന്നുവെന്ന് അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. 2013 ല്‍ ലോകത്തെ ഞെട്ടിച്ച വിരമിക്കലിനെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് നല്‍കിയ മറുപടി ‘ദൈവം രാജി ആവശ്യപ്പെട്ടു, താന്‍ സമര്‍പ്പിച്ചു’ എന്നായിരുന്നു.