lossdamage-20

കാലാവസ്ഥാ കെടുതികളാലും ദുരന്തങ്ങളാലും വലയുന്ന ദരിദ്രരാജ്യങ്ങളെ സഹായിക്കുന്നതിന് ഫണ്ട് രൂപീകരിക്കുമെന്ന് സമ്പന്നരാജ്യങ്ങൾ. സിഒപി 27 ഉച്ചകോടിയിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. അതേസമയം കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ലോകവ്യാപകമായി വിശാല കരാർ രൂപീകരിക്കുന്നതിന് അംഗീകാരം നൽകുന്നതിൽ തീരുമാനമായില്ല. ഈജിപ്തിൽ രണ്ടാഴ്ചയായി നടന്നുവന്ന ഉച്ചകോടിയിൽ 200 രാജ്യങ്ങളിലെ പ്രതിനിധികളാണ് പങ്കെടുത്തത്. 

 

cop27

പരിസ്ഥിതിവാദികൾ ദീർഘകാലമായി ഉന്നയിച്ച ആവശ്യമാണ് സിഒപി 27 അംഗീകരിച്ചിരിക്കുന്നത്. സമ്പന്നരാഷ്ട്രങ്ങളുടെ ക്രമാതീതമായ മാലിന്യങ്ങളും പ്രകൃതിനശീകരണ പ്രവർത്തനങ്ങളുമാണ് പലയിടങ്ങളിലും രൂക്ഷമായ പ്രകൃതിദുരന്തങ്ങൾക്ക് വഴിവച്ചിട്ടുള്ളതെന്നും സ്വതവേ ദരിദ്രമായ രാജ്യങ്ങൾക്ക് ഇത്തരം പ്രകൃതി ദുരന്തങ്ങൾ കൂടി താങ്ങാനുള്ള കഴിവില്ലെന്നും നഷ്ടപരിഹാരമെന്ന നിലയിൽ ദുരന്തബാധിത രാജ്യങ്ങളെ സഹായിക്കേണ്ട ധാർമിക ഉത്തരവാദിത്തം സമ്പന്ന രാജ്യങ്ങൾ കാണിക്കണമെന്നും യുഎന്നിൽ നിരന്തരവാദം ഉയർന്നിരുന്നു. വർധിച്ച ആഗോളതാപനത്തിന്റെ ദുരിതം പേറുന്നതിനുള്ള നഷ്ടപരിഹാരമെന്ന വികസ്വര രാജ്യങ്ങളുടെ മൂന്ന് പതിറ്റാണ്ട് നീണ്ട ആവശ്യമാണ് ഇതോടെ തത്വത്തിൽ ഫലം കണ്ടത്.  

 

അമേരിക്കയാണ് നിലവിൽ ഏറ്റവുമധികം ഹരിത ഗൃഹവാതകങ്ങൾ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന രാജ്യം. രാത്രിയേറെ നീണ്ട ചർച്ചകൾക്കൊടുവിൽ ഫണ്ട് നൽകാമെന്ന് അമേരിക്ക സമ്മതിക്കുകയായിരുന്നു. തീരുമാനം അംഗീകരിച്ചാൽ നിയമപരമായ ബാധ്യത രാജ്യത്തിനുണ്ടാകുമെന്ന് ഭയന്നാണ് യുഎസ് ഇതിനെ എതിർത്ത് വന്നത്. എന്നാൽ പുതിയ ഉടമ്പടി അനുസരിച്ച് ഈ തുക നൽകുന്നതിന് രാജ്യങ്ങൾക്ക് നിയമപരമായ ബാധ്യത ഉണ്ടാവില്ല. ഈ ഫണ്ട് എങ്ങനെ കണ്ടെത്തണം, ഏതൊക്കെ രാജ്യങ്ങൾ സംഭാവന നൽകണം, ഈ പണം എങ്ങനെ വിനിയോഗിക്കണം എന്ന് തീരുമാനിക്കാനായി കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. 24 രാജ്യങ്ങളിലെ പ്രതിനിധികളാണ് ഇതിലുണ്ടാവുക.

 

ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, കരീബിയൻ, സൗത്ത് പസഫിക് തുടങ്ങിയ പ്രദേശങ്ങളിലെ വികസ്വര രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ഫണ്ട് അനുവദിക്കണമെന്ന് ശക്തമായി വാദിച്ചത്. പ്രഖ്യാപനം പ്രകൃതി ദുരന്തങ്ങളോട് മല്ലിടുന്ന ദരിദ്ര രാജ്യങ്ങൾക്ക് പ്രതീക്ഷ പകരുന്നതാണെന്ന് പാകിസ്ഥാൻ മന്ത്രി ഷെറി റഹ്മാൻ പറഞ്ഞു. 

 ചൈനയും ക്രമേണെ ഈ ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്ന ആവശ്യം യുഎസും യൂറോപ്യൻ യൂണിയനും ഉയർത്തുന്നുണ്ട്. യുഎൻ പട്ടികയിൽ വികസ്വര രാജ്യങ്ങളുടെ പട്ടികയിലാണെന്നത് ഉയർത്തി ചൈന ഇതിനെ പ്രതിരോധിക്കുമെന്ന് കരുതുന്നവരും കുറവല്ല. കാലാവസ്ഥാ ഉച്ചകോടികളിൽ വികസിത രാജ്യമായി ചൈന സ്വയം അംഗീകരിക്കുന്നില്ലെന്നതും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. 

 

Atlast rich countries agrees to pay compensation for climate damage