WORLD-NOW-lula

യൂറോപ്പ് രാഷ്ട്രീയമായി വലത്തോട്ടു ചായുമ്പോള്‍ ലാറ്റിന്‍ അമേരിക്ക ഇടത്തേക്കു നീങ്ങുകയാണ്. ഇപ്പോഴിത് പറയാന്‍ കാരണം ബ്രസീലിലെ തിരഞ്ഞെടുപ്പ് ഫലമാണ്. വലതുപക്ഷക്കാരനായ ജെയിര്‍ ബോള്‍സനാരോയെ തോല്‍പിച്ച് ഇടതുപക്ഷ നേതാവ് ലുല ഡസില്‍വ ബ്രസീലിന്റെ പ്രസിഡന്റ് ആവുകയാണ്. ബ്രസീലിലെ ഭരണമാറ്റത്തിന് കേവലം ഇടതു വലത് രാഷ്ട്രീയങ്ങള്‍ക്കപ്പുറം പ്രധാന്യമുണ്ട്. പ്രകൃതിസംരക്ഷണം മുതല്‍ മത ധ്രുവീകരണം വരെ അതിലുള്‍പ്പെടും.

 

2018 ല്‍ മെക്‌സിക്കോ, 2019 ല്‍ അര്‍ജന്റീന, 2020 ല്‍ ബൊളീവിയ, പെറു, ഹോണ്ടുറാസ്, 2021 ല്‍ ചിലെ 2022 ല്‍ കൊളംബിയ, ഇപ്പോള്‍ ബ്രസീലും. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ ഒന്നൊന്നായി ഇടതുപക്ഷത്തേക്ക് ചായുകയാണ്. അതിന്റെ രാഷ്ട്രീയ മാനങ്ങളും ആഗോളതലത്തിലുണ്ടാക്കുന്ന  ചലനങ്ങളും പരിശോധിക്കുംമുന്‍പ്  ബ്രസീല്‍ ജനത എങ്ങനെയാണ് തിരഞ്ഞെടപ്പ് ഫലത്തെ കാണുന്നതെന്നു നോക്കാം.  ഇതുവരെ കണ്ടതില്‍വച്ച് ഏറ്റവും വാശിയേറിയതും വിദ്വേഷം വമിച്ചതുമായ തിരഞ്ഞെടുപ്പിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. വ്യാജ പ്രചാരണങ്ങള്‍ മുതല്‍ വര്‍ഗീയതവരെ നിറഞ്ഞാടി. ഇടതുപക്ഷക്കാരനായ ലുല ഡസില്‍വ ജയിച്ചാല്‍ മത വിശ്വാസികളുടെ താല്‍പര്യങ്ങള്‍ ഹനിക്കപ്പെടും രാജ്യത്തെ പള്ളികള്‍ മുഴുവന്‍ തകര്‍ക്കും തുടങ്ങിയ പ്രചാരണങ്ങള്‍ നടന്നു. മറുവശത്ത് ബോള്‍സനാരോയ്ക്കെതിരെയും സമൂഹമാധ്യങ്ങളിലൂടെയുള്ള കരിവാരിതേക്കലുണ്ടായി. ആദ്യഘട്ട വോട്ടെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതിരുന്നതും പ്രചാരണത്തിലെ ആവേശംകൊണ്ടുതന്നെ. എന്നാല്‍ രണ്ടാംഘട്ടത്തില്‍ 50 ശതമാനത്തിലധികം വോട്ടുനേടി ലുല വിജയിച്ചുകയറി. കോവിഡിനെ നേരിടുന്നത് മുതല്‍ ആമസോണ്‍ കാടുകളുടെ സംരക്ഷണത്തില്‍ വരെ അമ്പേ പരാജയപ്പെട്ട, സാധാരണക്കാരന്റെ അവകാശങ്ങളേക്കാള്‍ സമ്പന്നന്റെ താല്‍പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ ബോള്‍സനാരോയുടെ പരാജയം അപ്രതീക്ഷിതമല്ല. എന്നാല്‍ നേരിയ ഭൂരിപക്ഷത്തിലുള്ള ലുല ഡിസില്‍വയുടെ വിജയത്തിന് തിളക്കം കുറവാണുതാനും.

 

തിരഞ്ഞെടുപ്പ് ഫലം വന്ന് ലോകം മുഴുവന്‍ ലുല ഡസില്‍വയെ അഭിനന്ദിച്ചപ്പോള്‍ രണ്ടുദിവിസം ബോള്‍സനാരോ നിശബ്ദനായി. ആ മൗനമാകട്ടെ ആശങ്കപ്പെടുത്തുന്നതുമായിരുന്നു. തിരഞ്ഞെടുപ്പ് ഫലംവന്ന് 48 മണിക്കൂറിനുശേഷമാണ് ജെയ്ര്‍ ബോള്‍സനാരോ പരസ്യമായ പ്രതികരണത്തിന് തയാറായത്. രണ്ടുമിനിറ്റ് മാത്രം നീണ്ട പ്രസ്താവനയില്‍ പരാജയം അംഗീകരിച്ചതായി ഒരിക്കല്‍പോലും പറഞ്ഞില്ല, തിരഞ്ഞെടുപ്പ് ഫലത്തെ തള്ളിയതുമില്ല. പകരം തനിക്ക് വോട്ട് ചെയ്തവര്‍ക്ക് നന്ദിയെന്നായിരുന്നു പ്രതികരണം. അധികാര കൈമാറ്റത്തിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് പിന്നീട് ബോള്‍സനാരോയുടെ ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു. തിരഞ്ഞെടുപ്പിന് മുന്‍പേ പരാജയം ജെയ്ര്‍ ബോള്‍സനാരോ പരാാജയം മുന്നില്‍ക്കണ്ടിരുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ വിശ്വസനീയമല്ലെന്ന് ആദ്യമേ പറഞ്ഞു. ബാലറ്റിലേക്ക് മാറണമെന്ന ആവശ്യവും ശക്തമായി ഉന്നയിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനും കോടതിയും ആവശ്യം തള്ളി. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ യു.എസില്‍ ഡോണള്‍ഡ് ട്രംപ് ചെയ്തതുപോലെ കലാപം അഴിച്ചുവിടുമോ എന്ന ആശങ്കയും ഉയര്‍ന്നിരുന്നു. കലാപത്തിലേക്ക് എത്തിയില്ലെങ്കിലും ബോള്‍സനാരോ അനുകൂലികളായ ട്രക്ക് ഡ്രൈവര്‍മാര്‍ ഇപ്പോള്‍ വ്യാപക പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. പലയിടത്തും പ്രതിഷേധം സംഘര്‍ഷത്തിന് വഴിമാറി. സാവോ പോളോ വിമാനത്താവളത്തിലേക്കുള്ള റോഡുകള്‍ ഉപരോധിച്ചത് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തേയും ബാധിച്ചു. പിന്നീട് കോടതിയിടപെട്ട് തടസങ്ങള്‍ നീക്കാന്‍ പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു.  

 

ബ്രസീലിലെ ആഭ്യന്തര പ്രശ്നങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ലോകത്തിന് പ്രതീക്ഷ നല്‍കുന്നതാണ് ലുലയുടെ ജയം. ബ്രസീല്‍ എന്നു കേള്‍ക്കുമ്പോള്‍ ഫുട്‌ബോള്‍ കഴിഞ്ഞാല്‍ ആദ്യം ഓര്‍മവരുന്നത് ആമസോണ്‍ കാടുകളാണ്. ലോകത്തിന്റെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോണാണ് ലോകമാകെ പുറന്തള്ളുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ 20 ശതമാനവും വലിച്ചെടുത്തിരുന്നത്. എന്നാല്‍ ബോള്‍സനാരോയുടെ കാലത്ത് ഈ ശ്വാസകോശം ചുരുങ്ങിക്കൊണ്ടിരുന്നു. അതാവട്ടെ ആഗോളതാപനത്തെയും കാലാവസ്ഥാ വ്യതിയാനത്തേയും നേരിട്ട് ബാധിക്കുകയും ചയ്യുന്നു. അവിടെയാണ് ലുല പ്രതീക്ഷയാവുന്നതും.

 

2019 ല്‍ ജെയ്ര്‍ ബോള്‍സനാരോ അധികാരത്തില്‍ വന്നശേഷം രണ്ടുവര്‍ഷം കൊണ്ട് 34,000 സ്‌ക്വര്‍ കിലോമീറ്റര്‍ കാടാണ് കത്തിച്ചത്. വന്‍കിട കര്‍ഷകര്‍ക്ക് നിലമൊരുക്കാനും ഘനനങ്ങള്‍ക്കുവേണ്ടിയും ആയിരുന്നു ഈ നശീകരണം. അതിനായി നിയമങ്ങളില്‍ വലിയ ഇളവുകള്‍ പ്രഖ്യാപിച്ചു. ശാസ്ത്ര- പരിസ്ഥിതി ഏജന്‍സികള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറച്ചു, പരിസ്ഥിതി വിദഗ്ധരെ പിരിച്ചുവിട്ടു. ആദിവാസികളുടെ അവകാശങ്ങളും ഹനിക്കപ്പെട്ടു. കാടിന് തീയിട്ടതുവഴി അപൂര്‍യിനം ജീവജാലങ്ങളെയും പ്രദേശത്ത് താമസിച്ചിരുന്ന ആദിവാസികളെയും അത് ബാധിച്ചു. 2021 ലെ കണക്കനുസരിച്ച് ആമസോണ്‍ കാടുകളുടെ 17 ശതമാനം ഇതുവരെ നഷ്ടപ്പെട്ടു. എന്നാല്‍ വന നശീകരണത്തിന് തടയിടുമെന്ന് പ്രഖ്യാപിച്ചാണ് ലുല ഡസില്‍വ അധികാരത്തിലേറുന്നത്. 2003 മുതല്‍ 2006 വരെയും 2007 മുതല്‍ 2010 വരെയും പ്രസിഡന്റായിരുന്ന കാലത്ത് പരിസ്ഥിത സംരക്ഷണത്തിലുള്ള പ്രതിബദ്ധത ലുല തെളിയിച്ചിട്ടുമുണ്ട്. വനനശീകരണത്തില്‍ 80 ശതമാനം കുറവാണ് അക്കാലത്തുണ്ടായത്. ഡസില്‍വ തിരിച്ചെത്തുന്നതോടെ ആമസോ‍ണ്‍ കൂടുതല്‍ പച്ചപിടിക്കുമെന്ന് പ്രതീക്ഷിക്കാം.

 

ലുല ഡസില്‍വയുടെ സാമ്പത്തിക നയങ്ങളും ബോള്‍സനാരോയില്‍നിന്ന് വ്യത്യസ്തമാണ്. ബോള്‍സനാരോ വ്യവസായ വല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും പ്രോല്‍സാഹിപ്പിക്കുമ്പോള്‍ സാധാരണക്കാരന്റെ ആവശ്യങ്ങളിലൂന്നിയാണ് ഡ സില്‍വയുടെ പ്രവര്‍ത്തനം. കോവിഡ് ലോകമാകെ സമ്പദ് വ്യവസ്ഥയിലുണ്ടാക്കിയ പ്രത്യാഘാതം ബ്രസീലിനെയും ബാധിച്ചു. എന്നാല്‍ കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ ബോള്‍സനാരോയ്ക്കുണ്ടായ വീഴ്ച സമാനതകളില്ലാത്തതാണ്. ലോകം മുഴുവന്‍ ലോക് ഡൗണിലേക്ക് പോയപ്പോഴും കോവിഡ് വെറുമൊരു പനിയാണെന്നും നിയന്ത്രണം ആവശ്യമില്ലെന്നും പറഞ്ഞു. സാമൂഹ്യ അകലം പാലിക്കലും മാസ്‌കും ബോള്‍സനാരോയ്ക്ക് അനാവശ്യമായിരുന്നു. വാക്സിനേഷനും മന്ദഗതിയിലായി. ഫലമോ രക്ഷിക്കാമായിരുന്ന ഒട്ടേറെ ജീവനുകള്‍ പൊലിഞ്ഞു. അടച്ചിടാതിരുന്നത് കൊണ്ട് സമ്പദ് വ്യവസ്ഥയ്ക്ക് നേട്ടം ഉണ്ടായതുമില്ല. മറുവശത്ത് സ്വകാര്യവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു ബോള്‍സനാരോ. വന്‍കിട വ്യവസായികള്‍ക്ക് ഒട്ടേറെ ആനുകൂല്യങ്ങലും പ്രഖ്യാപിച്ചു. സാധാരണക്കാരനെ അദ്ദേഹം ഗൗനിച്ചില്ല. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്നവര്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും ഉറപ്പുവരുത്തുന്നതിനാണ് തന്‌റെ മുന്‍ഗണനയെന്ന് ലുല വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ മുന്‍ ഭരണകാലത്തെ അനുഭവം വച്ച്് അത് യാഥാര്‍ഥ്യമാവുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

 

രാഷ്ട്രീയം മാറ്റിനിര്‍ത്തിയാല്‍  ലുല ഡസില്‍വയ്ക്ക് മധുര പ്രതികാരം കൂടിയാണ് ഈ  തിരഞ്ഞെടുപ്പ് ഫലം. അഴിമതിക്കേസില്‍പ്പെട്ട് രണ്ടുവര്‍ഷത്തോളം ജയില്‍ശിക്ഷ അനുഭവിച്ച അദ്ദേഹത്തിന്റെ  രാഷ്ട്രീയ ഭാവിപോലും ഒരുകാലത്ത് ചോദ്യംചെയ്യപ്പെട്ടിരുന്നു. അവിടെനിന്നാണ് ജനങ്ങള്‍ പ്രസിഡന്റ് പദവിയിലേക്ക് തിരഞ്ഞെടുത്തത്. താഴെത്തട്ടില്‍നിന്ന് ഉയര്‍ന്നുവന്നതിന്റെ അനുഭവ പരിചയവും ഡ സില്‍വയ്ക്കുണ്ട്.

 

അച്ഛനുപേക്ഷിച്ച കുടുംബത്തില്‍ അമ്മയ്ക്കും അമ്മയ്ക്കും നാല് സഹോദരങ്ങള്‍ക്കും താങ്ങായിരുന്നു ലുല. വീട്ടിലെ പ്രാരാബ്ധം അഞ്ചാംക്ലാസില്‍ പഠനം നിര്‍ത്താന്‍ കാരണമായി. പിന്നീട് കല്‍പ്പണിക്കുപോയാണ് വരുമാനം കണ്ടെത്തിയത്. 1975 ല്‍ മുപ്പതാം വയസില്‍ തൊഴിവാളി യൂണിയന്‍ നേതാവായി. 80 ല്‍ പട്ടാളഭരണത്തിനെതിരെ ശക്തമായി പോരാടി. പിന്നീടാണ് വര്‍ക്കേഴ്‌സ് പാര്‍ട്ടി സ്ഥാപിക്കുന്നത്. 82 ല്‍ ആദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. 18 വര്‍ഷത്തിനുശേഷം 2010 ല്‍ ആദ്യമായി ‍പ്രസിഡന്റ് പദവിയില്‍‍. 2010 ല്‍ അധികാരമൊഴിയുമ്പോള്‍ ജനപ്രീതിയില്‍ ലുല ഡ സില്‍വ മുന്നിലായിരുന്നു. 2016 ലാണ് അഴിമതിക്കേസില്‍ ആരോപണം ഉയരുന്നത്.. പ്രസിഡന്റായിരിക്കെ സ്വകാര്യ കമ്പനിക്ക് സര്‍ക്കാര്‍ വഴിവിട്ട് സഹായം നല്‍കിയെന്നും അതിന് പണം വാങ്ങിയെന്നുമായിരുന്നു ആരോപണം. 2018 ല്‍ ജയില്‍ശിക്ഷയ്ക്ക് വിധിച്ചു. ഇതോടെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. ഇതോടെ ലുല ഡസില്‍വയ്ക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്നുവരെ സംശയം ഉയര്‍ന്നു. ലുലയ്ക്കെതിരായ കേസ് ഗൂഢാലോചനയുടെ ഭാഗമാണെന്ന വാദങ്ങളും ഉയര്‍ന്നിരുന്നു. നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ രണ്ടുവര്‍ഷത്തിനു ശേഷം ജയില്‍ മോചിതനായി.  കഴിഞ്ഞ വര്‍ഷം കേസില്‍ സുപ്രീംകോടതി ലുലയെ കറ്റവിമുക്തനാക്കുകയും ചെയ്തു.  അതോടെയാണ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ കളമൊരുങ്ങിയത്.

 

ലോകം പ്രതീക്ഷയോടെയാണ് ലുലയുടെ ജയത്തെ നോക്കിക്കാണുന്നത്. ആമസോണ്‍ കാടുകളുടെയും ആദിവാസി സമൂഹത്തിന്റെയും സംരക്ഷണം രാജ്യാന്തര സമൂഹത്തിന്റെ കൂടി ആവശ്യമാണ്. ഒപ്പം ബ്രസീലിലെ സമ്പദ് വ്യവസ്ഥയെ കരകയറ്റുക എന്ന വെല്ലുവിളിയും 77 കാരനായ ലുല ഡ സില്‍വയ്ക്ക് മുന്നിലുണ്ട്.