drone

റഷ്യൻ സായുധ സേനയ്ക്ക് ഗുരുതര നാശം വിതച്ച് യുക്രെയ്നിന്റെ ബേയ്‌റക്തർ ടിബി-2 ഡ്രോണുകൾ. ഉപഗ്രഹ നിയന്ത്രിത ഡ്രോണുകൾ റഷ്യയുടെ എംഐ- 8 ഹെലികോപ്റ്റർ നശിപ്പിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. കരിങ്കടലിലെ സ്നേക് ദ്വീപിനു സമീപം  സൈനികരെ ഓഫ്‌ലോഡ് ചെയ്യുന്നതിനിടെയാണ് ആക്രമണം. 

 

കരിങ്കടലിൽ റഷ്യൻ നിയന്ത്രണത്തിലുള്ള സ്നേക് ദ്വീപിനു സമീപം സെർണ പ്രോജക്ട് ലാൻഡിങ് കപ്പലും അതിന്റെ ഭാഗമായ മിസൈൽ പ്രതിരോധ സംവിധാനവുമാണ് യുക്രെയ്ൻ ഡ്രോൺ ഉപയോഗിച്ചുള്ള മിസൈലാക്രമണത്തിലൂടെ തകർത്തത്. ‘യുക്രേനിയൻ ബേയ്റക്തർ ടിബി2 മറ്റൊരു റഷ്യൻ കപ്പൽ കൂടി തകർത്തിരിക്കുന്നു. ഇത്തവണ സെർണ പ്രോജക്ടിന്റെ ഭാഗമായ ലാൻഡിങ് കപ്പലാണ് തകർത്തത്. സ്നേക് ദ്വീപിനു സമീപം റഷ്യയുടെ കരിങ്കടൽ കപ്പൽപ്പട മേയ് ഒൻപതിനു നടത്താനിരുന്ന പരമ്പരാഗത പരേഡ് ഇനി കടലിന്റെ അടിയിൽവച്ചു നടക്കും’ എന്ന കുറിപ്പോടെ ആക്രമണത്തിന്റെ വിഡിയോ  യുക്രെയ്ൻ പ്രതിരോധ വകുപ്പ് ട്വീറ്റ് ചെയ്തു.

 

യുക്രേനിയൻ ഡ്രോണിൽനിന്ന് വിക്ഷേപിച്ച മിസൈൽ റഷ്യൻ യുദ്ധക്കപ്പൽ തകർക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള ഓവർഹെഡ് ഫുട്ടേജിൽ ഒരു ഡ്രോൺ കപ്പലിൽ മുകളിലെത്തുന്നതും തൊട്ടുപിന്നാലെ കപ്പൽ‍ പൊട്ടിത്തെറിക്കുന്നതും കാണിക്കുന്നുണ്ട്.നേരത്തെ, ഇക്കഴിഞ്ഞ ഏപ്രില്‍ 14നാണ് പാഞ്ഞെത്തിയ യുക്രെയ്ന്‍ ക്രൂയിസ് മിസൈലുകള്‍ റഷ്യയുടെ ‘മോസ്ക്വ’ എന്ന യുദ്ധകപ്പല്‍ തകർത്ത് കരിങ്കടലില്‍ മുക്കിയിരുന്നു. യുക്രെയ്നെതിരായ ആക്രമണം ആരംഭിച്ച ശേഷം റഷ്യ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടികളിലൊന്നായാണ് ഈ ആക്രമണത്തെ വിശേഷിപ്പിച്ചത്. ഇതിനു പിന്നാലെയാണ് മറ്റൊരു യുദ്ധക്കപ്പൽ കൂടി യുക്രെയ്ൻ തകർത്തത്.