TAGS

കോടികളുടെ വായ്പ തിരിച്ചടയ്ക്കാതെ രാജ്യത്തുനിന്ന് മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിയുടെ ലണ്ടനിലെ ആഡംബരജീവിതം കഴിഞ്ഞ് ദിവസം വലിയ വാർത്തയായിരുന്നു. പുതിയ രൂപത്തിലും സ്റ്റൈലിലുമാണ് നീരവിന്റെ വിഡിയോയെത്തിയത്. ലണ്ടനിലെ നഗരമധ്യത്തിലൂടെ നടന്ന നീരവിനെ മാധ്യമപ്രവർത്തകരാണ് തിരിച്ചറിഞ്ഞത്. 

 

വിഡിയോക്ക് പിന്നാലെ നീരവിന്റെ ലണ്ടനിലെ ആഡംബരജീവിതത്തെക്കുറിച്ചുള്ള വാർത്തകളും പുറത്തുവന്നു. 73 കോടിയുടെ അപ്പാർട്ട്മെന്റ്, ലണ്ടനിലും തുടരുന്ന വജ്രവ്യാപാരം, സുഖജീവിതം ഇങ്ങനെ നീളുന്നു കഥകൾ. 

 

അതിനിടെ നീരവ് മോദി ധരിച്ച ജാക്കറ്റിനെക്കുറിച്ചും ചർച്ചകളുയർന്നു. 10,000 പൗണ്ട് വിലയുള്ള ജാക്കറ്റാണത്രേ നീരവ് ധരിച്ചിരിക്കുന്നത്. ഏകദേശം 9 ലക്ഷം രൂപ. ഒട്ടകപ്പക്ഷിയുടെ തോലുകൊണ്ടുണ്ടാക്കിയ ജാക്കറ്റാണിത്. 

 

തുകൽ ജാക്കറ്റുകളിൽ ഏറ്റവും വിലക്കൂടുതലുള്ള ജാക്കറ്റുകളിലൊന്നാണ് ഒട്ടകപക്ഷിയുടെ തോലുകൊണ്ടുണ്ടാക്കിയവ. ലോകത്തിലേക്ക് വെച്ചേറ്റവും വിലമതിക്കുന്ന ജാക്കറ്റും ഇതുതന്നെ. ഏറ്റവും കട്ടികൂടിയ തൊലിയാണ് ഒട്ടകപ്പക്ഷിയുടെ. തണുപ്പിൽ നിന്നാശ്വാസം നല്‍കുമെന്ന് മാത്രമല്ല. തണുപ്പുകാലം ചർമ്മത്തിലുണ്ടാക്കുന്ന വിവിധ പ്രശ്നങ്ങളെ പ്രതിരോധിക്കാനും ഈ ജാക്കറ്റിന് കഴിയും. ജാക്കറ്റിലുള്ള 'നാച്വറൽ ഓയില്‍' ന്റെ സാന്നിധ്യമാണ് ചർമ്മസംരക്ഷണത്തിന് സഹായിക്കുന്നത്.