സാമ്പത്തിക കുറ്റവാളി നീരവ് മോദിയുടെ ഇളയ സഹോദരന്‍ നെഹാല്‍ മോദി യുഎസില്‍ അറസ്റ്റില്‍. ഇഡിയുടെയും സിബിഐയുടെയും അഭ്യര്‍ഥനയെ തുടര്‍ന്നാണ് നെഹാല്‍ മോദിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് വിവരം യുഎസ് ഇന്ത്യയെ അറിയിച്ചു. അപ്പീലിന് സാധ്യതയുള്ളതിനാല്‍ നെഹാലിനെ ഇന്ത്യയ്ക്ക് കൈമാറുന്നത് വൈകും. കള്ളപ്പണം വെളുപ്പിച്ചതിനും കോടികള്‍ രാജ്യത്തുനിന്ന് വെട്ടിച്ച് കടത്തിയതിനും നെഹാലിനെതിരെ ഇന്ത്യയില്‍ കേസുണ്ട്.
പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് 13,000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ നീരവ് മോദിക്കൊപ്പം പ്രതിയാണ് നെഹാലും. ബന്ധുവും മറ്റൊരു സാമ്പത്തിക കുറ്റവാളിയുമായ മെഹുല്‍ ചോക്സിയുടെ നിര്‍ദേശപ്രകാരമാണ് ഇരുവരും തട്ടിപ്പ് നടത്തിയത്. നീരവ് മോദി ലണ്ടനിലെ ജയിലിലാണ്. ഇന്ത്യയ്ക്ക് കൈമാറാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.