പൊതുമേഖലാ ബാങ്കുകളിൽ നിന്ന് വായ്പ എടുത്ത ശേഷം രാജ്യംവിട്ട സാമ്പത്തിക കുറ്റവാളികൾ തിരിച്ചടയ്ക്കേണ്ട തുക 58,082 കോടി രൂപയെന്ന് കേന്ദ്രം. വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരടക്കം 15 പേരാണ് ഇത്തരത്തില്‍ വിദേശത്തേക്ക് കടന്നത്. ഇവരിൽ നിന്ന് ഇതുവരെ തിരിച്ചുപിടിക്കാനായത് 19,187 കോടി രൂപ മാത്രം.
പലിശയിനത്തിൽ മാത്രം 31,437 കോടി രൂപയും മുതലായി 26,645 കോടിയുമാണ് നൽകാനുള്ളത്. 15 പേരിൽ 9 പേർ വൻകിട സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടവരാണ്. വിജയ് മല്യയുടെ കിംഗ് ഫിഷർ എയർലൈൻസുമായി ബന്ധപ്പെട്ട അക്കൗണ്ടുകളാണ് ഏറ്റവും കൂടുതൽ വായ്പാ തട്ടിപ്പ് നടത്തിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് മാത്രം 11,960.05 കോടി രൂപ നല്‍കാനുണ്ട്. മറ്റ് പൊതുമേഖലാ ബാങ്കുകള്‍ക്ക് നല്‍കാനുള്ള കോടികള്‍ വേറെയും. കിങ്ഫിഷർ വിമാനക്കമ്പനിക്കായി എടുത്ത വായ്‌പകളെല്ലാം തിരിച്ചടച്ചെന്ന് മല്യ അടുത്തിടെ യൂട്യൂബ് ചാനല്‍ അഭിമുഖത്തില്‍ അവകാശപ്പെട്ടിരുന്നു.
ഫയർസ്റ്റാർ, ഡയമണ്ട് ഗ്രൂപ്പ് തുടങ്ങിയ സ്ഥാപനങ്ങളിലൂടെ നീരവ് മോദി 7,800 കോടി രൂപയിലധികം തട്ടി. പഞ്ചാബ് നാഷണൽ ബാങ്കില്‍ നിന്ന് തട്ടിയെടുത്ത 6,799.18 കോടി രൂപയാണ് നീരവ് മോദിയുടെ പേരിലുള്ള ഏറ്റവും വലിയ വായ്പ.
15 വന്‍കിട വായ്പാതട്ടിപ്പുകാരില്‍ നിന്ന് ഇതുവരെ 19,187 കോടി രൂപ മാത്രമേ ബാങ്കുകൾക്ക് തിരിച്ചുപിടിക്കാൻ കഴിഞ്ഞിട്ടുള്ളുവെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കുന്നു. 38,895 കോടി രൂപ കിട്ടാനുണ്ട്. ലോക്സഭയിലാണ് കേന്ദ്രസർക്കാർ കണക്കുകൾ വച്ചത്. സാമ്പത്തിക കുറ്റവാളികൾ രാജ്യം വിടുന്നത് തടയാൻ നിയമം തയ്യാറാക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ഇപ്പോള്‍ പരിഗണനയിലില്ലെന്നായിരുന്നു സർക്കാരിന്‍റെ മറുപടി.