മാലദ്വീപില്‍ നിന്ന് ഇന്ത്യക്കാര്‍ക്ക് നാട്ടിലേയ്ക്ക് പണമയക്കാനുള്ള പരിധി എസ്ബിഐ വെട്ടിക്കുറച്ചതോടെ മലയാളികള്‍ അടക്കം പ്രവാസികള്‍ പ്രതിസന്ധിയില്‍. ഡോളറിന്‍റെ ലഭ്യതക്കുറവ് ചൂണ്ടിക്കാട്ടിയാണ് ബാങ്കിന്‍റെ നടപടി. അത്യാവശ്യത്തിന് വീട്ടിലേയ്ക്ക് പണം അയക്കാന്‍ സ്വകാര്യ ഏജന്‍റുമാരെ ആശ്രയിക്കേണ്ടിവരുന്നത് വന്‍ നഷ്ടമുണ്ടാക്കുന്നുവെന്നും സുരക്ഷിതത്വ പ്രശ്നങ്ങളുണ്ടെന്നും പ്രവാസികള്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം.
മാലദ്വീപില്‍ നിന്ന് നാട്ടിലേയ്ക്ക് പണം അയക്കുന്ന ആശ്രയിക്കുന്നത് മാലെയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെയാണ്. ഒരാള്‍ക്ക് അയക്കാവുന്ന പണത്തിന്‍റെ പരിധി മാസത്തില്‍ 150 ഡോളറാക്കിയാണ് വെട്ടിക്കുറച്ചിരിക്കുന്നത്. നേരത്തെ 500 ഡോളറായും പിന്നീട് 400 ഡോളറായും കുറച്ചിരുന്നു. മാലദ്വീപ് കറന്‍സി രൂപയുമായി നേരിട്ട് വിനിമയം നടത്താനാകില്ല. ഡോളറിന്‍റെ ലഭ്യതക്കുറവ് ചൂണ്ടിക്കാട്ടിയാണ് ബാങ്കിന്‍റെ നടപടി.
ഏജന്‍റുമാര്‍ വഴി പണം അയക്കുമ്പോള്‍ വന്‍ നഷ്ടം നേരിടേണ്ടിവരുന്നു. ഒപ്പം സുരക്ഷാപ്രശ്നങ്ങളും നികുതി പ്രശ്നങ്ങളം വേറെ. പ്രവാസികള്‍ ബാങ്ക് അധികൃതരെയും ഇന്ത്യയുടെ സ്ഥാനപതി കാര്യാലയത്തെയും സമീപിച്ചിട്ടും ഫലമുണ്ടായില്ല. മാലദ്വീപ് മോണിറ്ററിങ് അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നാണ് ബാങ്ക് വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാണ് പ്രവാസികളുടെ ആവശ്യം.