വ്യോമയാന രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിനൊരുങ്ങി ഖത്തർ എയർവേസ്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളിൽ ഇരുനൂറോളം വിമാനങ്ങൾ വാങ്ങാനൊരുങ്ങുകയാണ് ഖത്തർ എയർവേയ്സ്. അഞ്ച് വർഷത്തിനുള്ളിൽ പ്രതിവർഷ യാത്രക്കാരുടെ ശേഷി എട്ട് കോടിയിലേക്ക് ഉയർത്താനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി കമ്പനി സിഇഒ ബദർ മുഹമ്മദ് അൽ മീർ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം നാല് കോടിയിലേറെ യാത്രക്കാരാണ് ഖത്തര്‍ എയര്‍വേയ്സില്‍ യാത്ര ചെയ്തത്. ഈ വര്‍ഷം അത് അഞ്ച് കോടിയിലേക്കെത്തുമെന്നാണ് പ്രതീക്ഷ. 2030 ഓടെ യാത്രക്കാരുടെ എണ്ണം പ്രതിവർഷം എട്ട് കോടിയായി ഉയർത്തും. 250 ലേറെ വിമാനങ്ങളാണ് ഇപ്പോള്‍ ഖത്തര്‍ എയര്‍വേയ്സിനുള്ളത്. അടുത്ത രണ്ട് വര്‍ഷത്തിനിടെ ഇരുനൂറോളം വിമാനങ്ങള്‍ എയര്‍ ബസില്‍ നിന്നും ബോയിങ്ങില്‍ നിന്നുമായി ലഭിക്കുകയും ചെയ്യും.
2030തോടെ വാർഷിക യാത്രക്കാരുടെ ശേഷി 50 ദശലക്ഷത്തിൽ നിന്ന് 80 ദശലക്ഷമായി ഉയർത്താനാണ് ഖത്തർ എയർവേയ്സ് ലക്ഷ്യമിട്ടുന്നത്. സർവീസുകളുടെ എണ്ണവും യാത്രക്കാരുടെ ശേഷിയും വർധിപ്പിക്കുന്നതിനൊപ്പം ഗുണനിലവാരത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലാത്ത സേവനവും ഉറപ്പാക്കും. യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച അനുഭവം സമ്മാനിക്കുന്ന രീതിയിലായിരിക്കും സര്‍വീസ്.
സ്ഥായിയായ വളര്‍ച്ചയാണ് കമ്പനി ലക്ഷ്യമിടുന്നത്. പെട്ടെന്നുള്ള വളര്‍ച്ചയ്ക്ക് ഒരിക്കലും സുസ്ഥിരതയുണ്ടാകില്ല. വിമാന മേഖലയിലുള്ള പ്രധാന എതിരാളികളുടേത് പോലെ ദ്രുതഗതിയിലുള്ള വളര്‍ച്ചയല്ല ഖത്തർ എയർവേസ് ലക്ഷ്യമിടുന്നതെന്ന് ഖത്തർ എയർവേയ്സ് സിഇഒ വ്യക്തമാക്കി.