യുഎഇ നിവാസികൾക്ക് സന്തോഷവാർത്തയുമായി ഓഗസ്റ്റ് അവസാന വാരം ദീർഘ അവധി ലഭിച്ചേക്കും. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ മീലാദുന്നബിയോട് അനുബന്ധിച്ചാണ് ഈ അവധി ലഭിക്കാൻ പോകുന്നത്. ഹിജ്റ കലണ്ടർ പ്രകാരം റബീഉൽ അവ്വൽ 12ന് വരുന്ന മീലാദുന്നബി ഈ വർഷം ഓഗസ്റ്റ് 25 ചൊവ്വാഴ്ചയാണ് വരാൻ സാധ്യത.
എന്നാൽ മറ്റ് ഇസ്ലാമിക ആചാരങ്ങളിലേതുപോലെ ചന്ദ്രദർശനത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രമേ അന്തിമ തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളൂ. ആഴ്ചയുടെ മധ്യത്തിൽ വരുന്ന അവധി ദിവസങ്ങൾ പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമാകുന്ന വിധത്തിൽ വാരാന്ത്യത്തോട് ചേർത്ത് മാറ്റാൻ യുഎഇ മന്ത്രിസഭയ്ക്ക് പ്രത്യേക അധികാരമുണ്ട്. ഇതനുസരിച്ച് ചൊവ്വാഴ്ചത്തെ അവധി ഓഗസ്റ്റ് 24 തിങ്കളാഴ്ചയിലേക്ക് മാറ്റിയാൽ ശനി, ഞായർ ദിവസങ്ങളിലെ പതിവ് വാരാന്ത്യ അവധിയോടൊപ്പം ചേർത്ത് തുടർച്ചയായ മൂന്ന് ദിവസത്തെ ലോങ് വീക്കെൻഡ് താമസക്കാർക്ക് ആസ്വദിക്കാനാകും.
പുതിയ അധ്യയന വർഷം ഓഗസ്റ്റ് 31ന് ആരംഭിക്കാനിരിക്കെ സ്കൂൾ അവധിക്കാലത്തിന്‍റെ അവസാന വാരത്തിലാണ് ഈ അവധി വരുന്നത് എന്നതും ശ്രദ്ധേയമാണ്. അതേസമയം, അവധി ചൊവ്വാഴ്ച തന്നെ നിലനിർത്തിയാൽ തിങ്കളാഴ്ച കൂടി ലീവ് എടുക്കുന്നവർക്ക് ശനി മുതൽ ചൊവ്വ വരെ തുടർച്ചയായ നാല് ദിവസത്തെ അവധി സ്വന്തമാക്കാനും അവസരമുണ്ട്.
ചന്ദ്രദർശന സമിതിയുടെ യോഗത്തിന് ശേഷം മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നാലേ അവധി തീയതികളിൽ അന്തിമ സ്ഥിരീകരണമുണ്ടാകൂ.