സൗദി അറേബ്യയിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ച കേസിൽ ഡോക്ടർക്കും മലയാളി നഴ്സിനും ശിക്ഷ വിധിച്ച് റിയാദ് അപ്പീൽ കോടതി. മൂന്ന് ലക്ഷം റിയാൽ (ഏകദേശം 66 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നല്‍കണമെന്നാണ് വിധി. ഹഫൂഫിലെ കിങ് ഫഹദ് ആശുപത്രിയിൽ ചികില്‍സയിലായിരുന്ന ഈജിപ്ഷ്യൻ സ്വദേശി മരിച്ച സംഭവത്തിലാണ് വിധി വന്നിരിക്കുന്നത്.
വയനാട് മാനന്തവാടി സ്വദേശിനിയാണ് പ്രതിയായ നഴ്സ്. കെട്ടിവയ്ക്കേണ്ട തുകയുടെ 80 ശതമാനം കേസിലെ പ്രതിയായ ഈജിപ്ഷ്യൻ ഡോക്ടറും 20 ശതമാനം നഴ്സും വഹിക്കണം. കോടതി ഉത്തരവ് പ്രകാരം 60,000 റിയാല്‍ അഥവാ പതിമൂന്ന് ലക്ഷത്തോളം രൂപയാണ് യുവതി നഷ്ട പരിഹാരമായി അടയ്ക്കേണ്ടത്. മാത്രമല്ല കോടതിച്ചെലവായി 1,000 റിയാലും അടയ്ക്കണം. അതേസമയം പ്രതിയായ ഡോക്ടർ 2,40,000 റിയാലാണ് അടയ്ക്കേണ്ടത്. തുക മരിച്ചയാളുടെ ആശ്രിതർക്ക് നൽകാനാണ് കോടതിയുടെ ഉത്തരവ്.
കടുത്ത ശരീര വേദനയെത്തുടർന്ന് ഈജിപ്ഷ്യൻ സ്വദേശി ആശുപത്രിയിലെത്തുന്നത്. പരിശോധിച്ച ഡോക്ടർ രോഗിക്ക് ശസ്ത്രക്രിയ നിർദേശിച്ചു. അതിന് മുന്‍പ് ആന്റിബയോട്ടിക്കും വേദനസംഹാരിയും കുത്തിവയ്ക്കാൻ നഴ്സിന് നിർദ്ദേശം നൽകി. എന്നാൽ രോഗിയുടെ മെഡിക്കൽ ഹിസ്റ്ററിയോ മരുന്നുകളോട് അലര്‍ജിയുണ്ടോ എന്നോ ഡോക്ടർ പരിശോധിച്ചില്ല. മരുന്ന് കുത്തിവയ്ക്കുന്നതിന് മുൻപ് നഴ്സും ഇക്കാര്യങ്ങള്‍ ചോദിച്ചറിഞ്ഞില്ല. രോഗിയുടെ മെഡിക്കൽ റെക്കോർഡിൽ അലർജിയുണ്ടെന്ന കാര്യം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇരുവരും ശ്രദ്ധിച്ചില്ല. കുത്തിവയ്പ്പിന് രോഗിക്ക് കടുത്ത അലര്‍ജിയുണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
കേസില്‍ അന്വേഷണം നടത്തിയ മൂന്ന് വിദഗ്ധ ഡോക്ടർമാരടങ്ങിയ മെഡിക്കൽ കമ്മിറ്റി, ആരോഗ്യ പ്രൊഫഷണൽ പ്രാക്ടീസ് നിയമത്തിലെ ആർട്ടിക്കിൾ 26, 27, 30 എന്നിവയുടെ ലംഘനമാണ് നടന്നതെന്ന് കോടതിയെ അറിയിക്കുകയായിരുന്നു. അതേസമയം, തീയതികൾ അറിയിച്ചിട്ടും വിചാരണയില്‍ മലയാളി നഴ്സോ അവരുടെ നിയമപ്രതിനിധിയോ കോടതിയിൽ ഹാജരായിരുന്നില്ല. ഇതിന് യാതൊരു വിശദീകരണവും ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ലെന്നും വിധിന്യായത്തിൽ പറയുന്നുണ്ട്.
എന്നാല്‍ തന്‍റെ മൊബൈലിലേക്ക് അറബിയില്‍ വന്ന സന്ദേശങ്ങൾ ശ്രദ്ധിച്ചിരുന്നില്ലെന്നും ഇവ ഔദ്യോഗിക സന്ദേശങ്ങളാണെന്ന് അറിയില്ലായിരുന്നു എന്നുമാണ് നഴ്സ് പറയുന്നത്. തുടര്‍ന്ന് കോടതി യാത്രാവിലക്ക് ഏർപ്പെടുത്തുകയും, ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് തുക പിടിച്ചെടുക്കാൻ അനുമതി നല്‍കുകയും ചെയ്തു. ഈ സമയം മാത്രമാണ് ഇവര്‍ കേസിന്‍റെ ഗൗരവം തിരിച്ചറിയുന്നത്. തുടർന്നുള്ള അന്വേഷണത്തിലാണ് 2023ൽ തന്നെ കേസിൽ വിധി വന്നിരുന്നു എന്ന കാര്യം മനസിലായത്.
അതേസമയം, സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമാണ് മലയാളി നഴ്സ്. പിതാവ് മരിച്ച ഇവര്‍ക്ക് ഇത്രയും വലിയ തുക ഒറ്റയ്ക്ക് കണ്ടെത്തുക അസാധ്യമാണ്. ഇതോടെ നിയമസഹായവും സാമ്പത്തിക പിന്തുണയും നൽകാന്‍ സുഹൃത്തുക്കളും പ്രവാസി കൂട്ടായ്മയായ ‘അൽ അഹ്‌സ നഴ്സസ് അസോസിയേഷനും’ രംഗത്തുവന്നിട്ടുണ്ട്.