കുടുംബക്കാരെ കാണാനുള്ള യാത്രയ്ക്കിടെ മലയാളി സംരംഭകന് അബുദാബി ബിഗ് ടിക്കറ്റിന്‍റെ സമ്മാനം. അബുദാബി ബിഗ് ടിക്കറ്റിന്റെ 285-ാം സീരീസ് നറുക്കെടുപ്പിലാണ് മലയാളിയായി ഷാമോന്‍ ഷാജിക്ക് 20 ദശലക്ഷം ദിർഹത്തിന്‍റെ ഒന്നാം സമ്മാനം രൂപ ലഭിച്ചത്. ഭാര്യയുടെ മാതാപിതാക്കളെ കാണാനാണ് ഷാമോന്‍ കൊച്ചിയില്‍ നിന്നും ദുബായിലെത്തിയത്.
കഴിഞ്ഞ മൂന്നു മാസമായി ഷാമോന്‍ ഷാജി ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിച്ചിരുന്നു. മാർച്ച് 22 ന് എടുത്ത് 229425 എന്ന ടിക്കറ്റിനാണ് സമ്മാനം. ഭാര്യാവീട്ടുകാർ ദുബായിലാണ് താമസം, അതുകൊണ്ട് ഞങ്ങൾ അവിടെ ഇടയ്ക്കിടെ പോകാറുണ്ട്. അങ്ങനെയാണ് ഞങ്ങൾ ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിയുന്നതെന്ന് അദ്ദേഹം ഗൾഫ് ന്യൂസിനോട് പറഞ്ഞു.
കുടുംബത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് ബിഗ് ടിക്കറ്റിന്റെ 285-ാം സീരീസ് തത്സമയ നറുക്കെടുപ്പ് ഷാമോന്‍ കാണുന്നത്. സന്തോഷവും വികാരാധീനവുമായ നിമിഷമായിരുന്നു അതെന്നാണ് ഷാമോന്‍ പറഞ്ഞത്. ''ഇങ്ങനെയൊരു സമ്മാനം ലഭിക്കുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. നറുക്കെടുപ്പ് തുടങ്ങുകയും ഓരോ നമ്പറുകൾ വീതം പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി. അവസാന നമ്പറും പറഞ്ഞതോടെ ആകെ അമ്പരന്നുപോയി, ഒരിക്കലും മറക്കാനാവാത്ത ഒരു നിമിഷം'' എന്നാണ് ഷാമോന്‍ ഇതിനെ വിശേഷിപ്പിച്ചത്.
കേരളത്തിൽ ബിസിനസ് നടത്തുന്ന ഷാമോന്‍ സംരംഭം ദുബായിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് സമ്മാനതുകയിലൂടെ ലക്ഷ്യമിടുന്നത്. സാമ്പത്തിക സ്ഥിരതയും നല്ല ബാങ്ക് ബാലൻസും ഉണ്ടാക്കുക എന്ന സ്വപ്നമുണ്ടായിരുന്നു. അതിലേക്കുള്ള വലിയ ചുവടുവയ്പ്പാകുമിതെന്നും ഷാമോന്‍ പറഞ്ഞു.
ബിഗ് ടിക്കറ്റിന്‍റെ മറ്റു സമ്മാനമായ 200 ഗ്രാം 24 കാരറ്റ് സ്വർണക്കട്ടി അഞ്ച് ഇന്ത്യൻ പൗരന്മാർക്ക് ലഭിച്ചു. മുഹമ്മദ് ഷക്കിൽ (അബുദാബി), രാജോപാൽ ചന്ദ്രൻ (ഷാർജ), കാർത്തിക്കുമാർ കലിയപെരുമാൾ (അബുദാബി), മുഹമ്മദ് മഖ്ദൂം (സൗദി അറേബ്യ), സോളമൻ രാജ (ഇന്ത്യ) എന്നിവരാണ് വിജയികൾ.