റമസാൻ പ്രമാണിച്ച് യുഎഇയിലെ ജയിലുകളിൽ കഴിയുന്ന 4,114 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവ്. വിവിധ എമിറേറ്റിലെ ഭരണാധികാരികളുടേതാണ് തീരുമാനം. ശിക്ഷ അനുഭവിക്കുന്നവർക്ക് മാനുഷിക പരിഗണനയും പുതുജീവിതത്തിനുള്ള അവസരവും നൽകുകയാണ് ലക്ഷ്യം. മലയാളികൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് പ്രവാസികൾക്കും സ്വദേശി കുടുംബങ്ങൾക്കും നടപടി ആശ്വാസമാകും.
സിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് അബുദാബിയിൽ നിന്ന് 1440 തടവുകാരെ വിട്ടയക്കാൻ ഉത്തരവിട്ടത്. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 1320 പേർക്കും ഷാർജ ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 738 പേർക്കുമാണ് മോചനം പ്രഖ്യാപിച്ചത്. റാസൽഖൈമയിൽ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി 388 തടവുകാരെയും അജ്മാനിൽ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി 134 തടവുകാരെയും വിട്ടയക്കാൻ നിർദ്ദേശിച്ചു.
ഫുജൈറ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി 94 പേർക്കും ഉമ്മുൽഖുവൈൻ ഭരണാധികാരി ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല ഏതാനും തടവുകാർക്കും മോചനം നൽകി. ജയിൽമോചിതരാകുന്നവരുടെ ശിക്ഷയുടെ ഭാഗമായുള്ള സാമ്പത്തിക ബാധ്യതകളും പിഴത്തുകയും സർക്കാർ തന്നെ ഏറ്റെടുക്കും. തടവുകാലത്ത് മികച്ച സ്വഭാവം പുലർത്തിയവർക്കും ചെറിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്കുമാണ് ആനുകൂല്യത്തിന് അർഹത. നടപടികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്കും ജയിൽ അധികൃതർക്കും ഭരണാധികാരികൾ നിർദ്ദേശം നൽകിയിട്ടുണ്ട്.